അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; സംസ്ഥാനത്ത് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

അറബിക്കടലിൽ ലക്ഷദ്വീപിനോട് ചേർന്ന് രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റ് ആയേക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്.മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്.ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള തീരത്ത് തിരിച്ചെത്തണമെന്ന് കർശന നിർദേശം.തിരുവനന്തപുരം പേട്ടയിൽ പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 2 പേർ മരിച്ചു.
ലക്ഷദ്വീപിനോട് ചേർന്ന് തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം 24 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമാകുമെന്നും തുടർന്ന് ചുഴലിക്കാറ്റായി വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്.
Read Also : സംസ്ഥാനത്ത് ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്
കേരള കർണാടക തീരങ്ങങ്ങളിൽ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്നത്. ശക്തമായ കാറ്റിനും കടൽ ക്ഷോഭത്തിനും സാധ്യയയുള്ളതിനാൽ ഇന്നും നാളെയും മത്സ്യതൊഴിലാളികൾ കടൽ പോകരുതെന്ന കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള തീരത്ത് തിരിച്ചെത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിക്കുന്നു.
മണിക്കൂറിൽ മുപ്പത്തിയഞ്ച് മുതൽ നാൽപ്പത്തിയഞ്ച് കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും. ബുധനാഴ്ചയോടെ കാറ്റിൻറെ വേഗം മണിക്കൂറിൽ പരാമാവധി 75 കിലോമീറ്റർ വരെയാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ അടക്കമുള്ള തെക്കൻ ജില്ലകളിലും വടക്കൻ കേരളത്തിലെ 5 ജിലകളിലുമടക്കം 10 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.നാളെ 9 ജില്ലകളിൽ യെല്ലോ അലേർട്ട്. ബുധനാഴ്ച്ച കണ്ണൂർ ,കോഴിക്കോട് ,മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടും, 5 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം പേട്ടയിൽ പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 2 പേർ മരിച്ചു. പേട്ട സ്വദേശി രാധാകൃഷ്ണൻ, നെടുമങ്ങാട് സ്വദേശി പ്രസന്ന കുമാരി എന്നിവരാണ് മരിച്ചത്.രണ്ട് കുടുംബങ്ങൾക്കും പത്ത് ലക്ഷം രൂപ വീതം കെ എസ് ഇ ബി ധനസഹായം അനുവദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here