മലപ്പുറത്ത് യുവാക്കൾക്ക് നേരെ ഗുണ്ടാ ആക്രമണം

മലപ്പുറം കാരാത്തോട് യുവാക്കൾക്ക് നേരെ ഗുണ്ടാ ആക്രമണം. ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. കാരാത്തോട് സ്വദേശികളായ അസ് ലു, മുഹമ്മദ് കുട്ടി, നിഷാദ് എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. രണ്ട് കാറുകളിലായെത്തിയെ ഇരുപതോളം വരുന്ന സംഘമാണ് അക്രമിച്ചത്. കാരാത്തോട് ടൗണിൽ ചില ആളുകൾ തമ്മിൽ കഴിഞ്ഞ ദിവസം വാക്കു തർക്കവും ചെറിയ തോതിൽ കയ്യാങ്കളിയും നടന്നിരുന്നു. ഇവരിൽ ചിലരെ അന്വേഷിച്ചാണ് ഗുണ്ടാ സംഘം രാത്രിയിൽ കാരാത്തോട് എത്തിയത്. എന്നാൽ ലക്ഷ്യംവെച്ച് എത്തിയവരെ കിട്ടാതായതോടെ സംഘം നാട്ടുകാർക്കെതിരെ തിരിഞ്ഞു. ബേക്കറി കച്ചവടക്കാരനായ അസ്‌ലുവിനെ ആദ്യം അടിച്ചു പരിക്കേൽപ്പിച്ചു. ഇദ്ദേഹം വിളിച്ചറിയിച്ചപ്പോൾ രക്ഷിക്കാനെത്തിയ സഹോദരിയുടെ മക്കളായ മുഹമ്മദ് കുട്ടി, നിഷാദ് എന്നിവരെയും ഗുണ്ടാ സംഘം ആക്രമിച്ചു.
മർദ്ദനത്തിന് പുറമെ മാരകായുധങ്ങൾകൊണ്ട് വെട്ടിയും കുത്തിയുമാണ് സംഘം ഇവരെ പരിക്കേൽപ്പിച്ചത്. നിഷാദിന്റെ തലയിൽ പതിനൊന്നു സ്റ്റിച്ചുകളുണ്ട്. തലക്ക് വെട്ടേറ്റിട്ടുമുണ്ട്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളെജ് ആശുപത്രിയിലും തുടർന്ന് മലപ്പുറം സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here