വായു ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; അടുത്ത 12 മണിക്കൂറിൽ ശക്തമായ ചുഴലിക്കാറ്റായി മാറും

മധ്യകിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടലിലുമായി രൂപം കൊണ്ട ‘വായു’ ചുഴലിക്കാറ്റ് മണിക്കൂറിൽ 15 കി.മീ വേഗതയിൽ വടക്ക് ദിശയിൽ കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു ഇന്ത്യൻ സമയം രാവിലെ 8.30 നോട് കൂടി മധ്യകിഴക്കൻ അറബിക്കടലിലെ 15.0°N അക്ഷാംശത്തിലും 70.6°E രേഖാംശത്തിലും എത്തിയിരിക്കുന്നു. ഗോവയിൽ നിന്ന് 350 കി.മീയും മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്ന് 510 കി.മീയും ഗുജറാത്തിലെ വെരാവലിൽ നിന്ന് 650 കി.മീ ദൂരത്തിലുമാണ് നിലവിൽ ‘വായു’ എത്തിയിരിക്കുന്നത്.
അടുത്ത 12 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി (severe cyclonic storm) മാറുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ‘വായു’ ഗുജറാത്ത് തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ജൂൺ 13 ന് അതിരാവിലെയോടെ ഗുജറാത്തിലെ പോർബന്ദർ,മഹുവ തീരത്ത് മണിക്കൂറിൽ 110 മുതൽ 135 കി.മീ വരെ വേഗതിയിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കേരളം ‘വായു’ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ ഇല്ല. എന്നാൽ ചില ജില്ലകളിൽ ശക്തമായ കാറ്റും മഴയും ഉണ്ടായേക്കാം എന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
കേരള തീരത്ത് ജൂൺ 11 ന് ശക്തമായ കാറ്റ് (മണിക്കൂറിൽ 4050 കി.മീ വേഗതയിൽ) വീശാൻ സാധ്യതയുണ്ട്. അറബിക്കടൽ പ്രക്ഷുബ്ധമാവാൻ സാധ്യതയുള്ളതിനാൽ മൽസ്യ തൊഴിലാളികൾ ജൂൺ 13 വരെ കടലിൽ പോകരുത്. തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാക്കാനും സാധ്യതയുണ്ട്.
മഴ സംബന്ധിച്ചുള്ള മുന്നറിയിപ്പ്
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളുടെ പുതുക്കിയ വിവരം
11/06/2019 തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ
12/06/2019 തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
13/06/2019 എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
14/06/2019 ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ
15/06/2019 ഇടുക്കി, മലപ്പുറം
മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ (24 മണിക്കൂറിൽ 12 cm വരെ മഴ) ലഭിക്കാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.
പൊതുജനങ്ങൾക്കായുള്ള സുരക്ഷാ മുന്നറിയിപ്പുൾ നേരത്തെ പുറപ്പെടുവിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here