മുത്തലാഖ് ബില്‍ രാജ്യസഭയില്‍ വീണ്ടും അവതരിപ്പിക്കാന്‍ കേന്ദ്രമന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി

മുത്തലാഖ് ബില്‍ രാജ്യ സഭയില്‍ വീണ്ടും അവതരിപ്പിക്കാന്‍ കേന്ദ്രമന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ എന്‍ ഡി എ സര്‍ക്കാരിന്റെ കാലത്ത് മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസ്സാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പതിനേഴാം ലോക്‌സഭാ സമ്മേളനത്തില്‍ തന്നെ ബില്‍ വീണ്ടും രാജ്യസഭയില്‍ അവതരിപ്പിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്.
ആന്ധ്രപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഒഡിഷയിലെ ബിജു ജനതാദള്‍ എന്നിവരുടെ പിന്തുണയോടെ രാജ്യസഭയില്‍ ബില്‍ പാസ്സാക്കാനാണ് സര്‍ക്കാര്‍ നീക്കം. അടുത്തയാഴ്ച പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന്റെ മുന്നൊരുക്കമെന്ന നിലയിലാണ് സര്‍ക്കാര്‍ മന്ത്രിമാരുയെയും സഹമന്ത്രിമാരുടെയും യോഗം വിളിച്ചു ചേര്‍ത്തത്.
യോഗത്തില്‍ സര്‍ക്കാരിന്റെ നൂറ് ദിന പരിപാടികളുടെ മുന്‍ഗണന, ഓരോ വകുപ്പുകളിലും വരുത്തേണ്ട മാറ്റങ്ങള്‍, സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗ രേഖ തുടങ്ങിയ കാര്യങ്ങള്‍ പ്രധാനമന്ത്രി വിശദീകരിച്ചു. ഇതിനു പുറമേ കാശ്മീരില്‍ അടുത്ത ആറ് മാസത്തേക്ക് കൂടി രാഷ്ട്രപതി ഭരണം തുടരുന്നതിനും തീരുമാനമായി.
അതേ സമയം, പാര്‍ലമെന്റില്‍ ഓരോ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അതത് വകുപ്പുകളിലെ മന്ത്രിമാരും സഹമന്ത്രിമാരും തയ്യാറാകണമെന്നും നിര്‍ദേശം നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here