ബ്ലാസ്റ്റേഴ്സിന്റെ വല്ല്യേട്ടൻ ബൂട്ടഴിച്ചു; ആശംസകളുമായി ആരാധകർ

വടക്കന്‍ അയര്‍ലന്‍ഡിന്റെയും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെയും മുന്‍ നായകനായ ആരോണ്‍ ഹ്യൂസ് വിരമിച്ചു. ബെലാറസിനെതിരായ യൂറോ യോഗ്യതാ മത്സരത്തിന് ശേഷം നിലവിലെ അയര്‍ലന്‍ഡ് നായകന്‍ സ്റ്റീവന്‍ ഡേവിസാണ് ഹ്യൂസിൻ്റെ വിരമിക്കൽ തീരുമാനം പുറത്തുവിട്ടത്. അന്താരാഷ്ട്ര, ക്ലബ് മത്സരങ്ങളിൽ നിന്നെല്ലാം അദ്ദേഹം വിരമിച്ചു എന്നാണ് റിപ്പോർട്ട്.
അയര്‍ലന്‍ഡിന്റെ എക്കാലത്തെയും മികച്ച പ്രതിരോധ താരങ്ങളിലൊരാളായ ഹ്യൂസ് 1998 മുതല്‍ അയര്‍ലന്‍ഡ് ജഴ്‌സിയിലെ നിറ സാന്നിദ്ധ്യമായിരുന്നു. ദേശീയ ജഴ്‌സിയില്‍ 112 മത്സരങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹം ഒരു ഗോളും നേടിയിട്ടുണ്ട്.
1997ല്‍ ന്യൂകാസില്‍ യുണൈറ്റഡിനൊപ്പമായിരുന്നു ഹ്യൂസിന്റെ ക്ലബ്ബ് കരിയറിന്റെ തുടക്കം. 2005ല്‍ ആസ്റ്റന്‍ വില്ലയിലേക്ക് കൂടുമാറിയ താരം 2007വരെ അവിടെ തുടര്‍ന്നു. തുടർന്ന് 2014 വരെ ഫുൾഹാമിൽ. ക്യുപിആർ, ബ്രൈറ്റൺ, മെൽബൺ സിറ്റി എന്നീ ക്ലബുകളിലായിരുന്നു പിന്നീട് ഹ്യൂസ് ബൂട്ടണിഞ്ഞത്. 2016ൽ മെൽബൺ സിറ്റിയിൽ നിന്നും ബ്ലാസ്റ്റേഴ്സിലേക്കെത്തി.
11 മത്സരങ്ങളില്‍ നിന്ന് ഒരു ഗോളടക്കം ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കായിരുന്നു ഹ്യൂസ് വഹിച്ചത്. ഫൈനലില്‍ ഹ്യൂസിന്റെ അഭാവത്തില്‍ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. ആ സീസണിനു ശേഷം ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് വിട പറഞ്ഞ അദ്ദേഹം നിലവില്‍ സ്‌കോട്ടിഷ് ക്ലബ്ബായ ഹാര്‍ട്ട് ഓഫ് മിഡ്‌ലോതിയാനുവേണ്ടിയാണ് കളിച്ചിരുന്നത്. 40കാരനായ താരം ചാമ്പ്യന്‍സ് ലീഗ്, യുവേഫ കപ്പ്, യൂറോപ്പാ ലീഗ് എന്നിവയിലും കളിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here