ആലപ്പുഴയിലെ തോൽവി വിലയിരുത്താൻ ഡിസിസി നേതൃയോഗം ഇന്ന്

ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ഡിസിസി നേതൃയോഗം ഇന്ന് ചേരും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യോഗത്തിൽ പങ്കെടുക്കും. അതേ സമയം തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന ഷാനിമോൾ ഉസ്മാൻ യോഗത്തിൽ പങ്കെടുത്തേക്കില്ലെന്നാണ് സൂചന. വൈകീട്ട് 3 മണിക്കാണ് യോഗം. ആലപ്പുഴയിലെ പരാജയത്തെപ്പറ്റി പരിശോധിക്കാൻ കെപിസിസി നിയോഗിച്ച മൂന്നംഗ സമിതിയുടെ തെളിവെടുപ്പ് ഞായറാഴ്ചയാണ്. അതിന് മുന്നോടിയായാണ് മുല്ലപ്പളളി രാമചന്ദ്രൻ പങ്കെടുക്കുന്ന പ്രത്യേക യോഗം ചേരുന്നത്.
ജില്ലയിൽ നിന്നുളള കെപിസിസി അംഗങ്ങൾ, ഡിസിസി അംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ, ബ്ലോക്ക്-മണ്ഡലം ഭാരവാഹികൾ എന്നിവരും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്ത് 19 ഇടങ്ങളിലും വിജയിച്ചിട്ടും ആലപ്പുഴ സീറ്റ് നിലനിർത്താനാകാതെ പോയതിന്റെ കാരണങ്ങൾ ചർച്ച ചെയ്യുകയാണ് യോഗത്തിന്റെ ലക്ഷ്യം. ഓരോ ബൂത്തിലും കിട്ടിയ വോട്ടുകളുടെ കണക്ക് നിരത്തിയുളള പരിശോധന ഉണ്ടാകുമെന്നാണ് സൂചന. എ.എം ആരിഫിന്റെ മണ്ഡലമായ അരൂരിൽ പോലും വൻ മുന്നേറ്റം കാഴ്ച വെച്ച സാഹചര്യത്തിലും മറ്റ് ചിലയിടങ്ങളിൽ അപ്രതീക്ഷിത തിരിച്ചടിയാണ് യുഡിഎഫിനുണ്ടായത്.
ഇതിൽ ചില കോൺഗ്രസ് നേതാക്കളുടെ ഇടപെടൽ ഉണ്ടായോയെന്ന് ഷാനിമോളോട് അടുത്ത കേന്ദ്രങ്ങൾ സംശയിക്കുന്നു. അവർ ഇതുസംബന്ധിച്ച സൂചനകൾ കെപിസിസി നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം ചേർന്ന ആദ്യ കെപിസിസി നേതൃയോഗത്തിൽ നിന്നും വിട്ടു നിന്ന ഷാനിമോൾ ഉസ്മാൻ ഇന്നത്തെ യോഗത്തിലും പങ്കെടുക്കാനുളള സാധ്യത വിരളമാണ്. അതേസമയം ഷാനിമോൾ ഉസ്മാനെ യോഗത്തിൽ പങ്കെടുപ്പിക്കാൻ ഡിസിസി നേതൃത്വം ശ്രമം നടത്തുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here