കോപ്പ അമേരിക്ക: ബ്രസീലിന് വിജയത്തുടക്കം; അർജന്റീന നാളെയിറങ്ങും

കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ ബൊളീവിയക്കെതിരെ ആതിഥേയരായ ബ്രസീലിന് കൂറ്റൻ ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ലാറ്റിനമേരിക്കൻ വമ്പന്മാർ ബൊളീവിയയെ തകർത്തത്. ബ്രസീലിനായി ഫിലിപെ കുട്ടീഞ്ഞോ രണ്ട് ഗോളുകളും എവർട്ടൺ ഒരു ഗോളും നേടി.
ഗ്രൂപ്പ് എയിലെ ടീമുകൾ ഏറ്റുമുട്ടിയപ്പോൾ കാനറികൾക്കായിരുന്നു മുൻതൂക്കം. ബൊളീവിയയെ നിഷ്പ്രഭമാക്കിക്കളഞ്ഞ ബ്രസീൽ നിരന്തരം ആക്രമണങ്ങൾ മെനഞ്ഞു. ഫിർമീനോയെ ഒറ്റ സ്ട്രൈക്കറാക്കി കുട്ടീഞ്ഞോയെ അറ്റാക്കിംഗ് മിഡ്‌ഫീൽഡറുടെ റോളിൽ തുറന്നു വിട്ട പരിശീലകൻ ടിറ്റെയുടെ തന്ത്രങ്ങൾ ഫലം കാണുന്നത് രണ്ടാം പകുതിയിലാണ്. ആദ്യ പകുതിയിലെ തുടർച്ചയായ ആക്രമണങ്ങൾക്കിടയിലും പിടിച്ചു നിന്ന ബൊളീവിയ 50ആം മിനിട്ടിൽ തകർന്നു. സ്പോട്ടിൽ നിന്നുള്ള കുട്ടീഞ്ഞോയുടെ കിക്ക് വല തുളച്ചു. മൂന്ന് മിനിട്ടുകൾക്കു ശേഷം കുട്ടീഞ്ഞോ വീണ്ടും വല കുലുക്കി. ഇത്തവണ ഫിർമീനോയുടെ അസിസ്റ്റിലാണ് കുട്ടീഞ്ഞോ വല കുലുക്കിയത്. തുടർന്ന് 85ആം മിനിട്ടിൽ ഒരു സോളോ ഗോളിലൂടെ എവർട്ടൺ ബ്രസീലിൻ്റെ മൂന്നാം ഗോളും കണ്ടെത്തി.
രണ്ടാം മത്സരം നാളെ രാവിലെ 12.30നാണ്. ഗ്രൂപ്പ് എയിലെ തന്നെ വെനിസ്വേലയും പെറുവുമാണ് ഏറ്റുമുട്ടുക. നാളെ 3.30നാണ് ലയണൽ മെസ്സിയുടെ അർജൻ്റീന കളത്തിലിറങ്ങുക. മത്സരത്തിൽ കൊളംബിയയെയാണ് അർജൻ്റീന നേരിടുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here