മികച്ച തുടക്കത്തിനു ശേഷം കൂട്ടത്തകർച്ച; പാക്കിസ്ഥാൻ തോൽവിയിലേക്ക്

ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാന് ബാറ്റിംഗ് തകർച്ച. 27 ഓവറിൽ അഞ്ച് വിക്കറ്റ് 129 നഷ്ടത്തിൽ റൺസാണ് പാക്കിസ്ഥാൻ നേടിയിരിക്കുന്നത്. പാക്കിസ്ഥാനു വേണ്ടി ഫഖർ സമാൻ അർദ്ധസെഞ്ചുറി നേടി.
ശ്രദ്ധയോടെയാണ് പാക്കിസ്ഥാൻ ഇന്നിംഗ്സ് ആരംഭിച്ചത്. 337 എന്ന കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ അവർ ശ്രദ്ധാപൂർവം ബാറ്റ് ചെയ്തു. ഇന്ത്യയുടെ ന്യൂ ബോൾ ബൗളർമാർ നന്നായി പന്തെറിഞ്ഞതോടെ ആദ്യ ഓവറുകളിൽ പാക്കിസ്ഥാൻ റൺ വരൾച്ച നേരിട്ടു. എന്നാൽ 2.4 ഓവർ പന്തെറിഞ്ഞ ഭുവനേശ്വർ കുമാർ പരിക്ക് പറ്റി മടങ്ങി. ഭുവിയുടെ ഓവർ തീർക്കാൻ പന്തെടുത്ത വിജയ് ശങ്കർ ആദ്യ പന്തിൽ തന്നെ ഇമാമുൽ ഹഖിനെ വിക്കറ്റിനു മുന്നിൽ കുരുക്കി. 7 റൺസെടുത്താണ് സമാൻ മടങ്ങിയത്.
പിന്നാലെ ക്രീസിലെത്തിയ ബാബർ അസമും ഫഖർ സമാനും അനായാസം ഇന്ത്യൻ ആക്രമണത്തെ നേരിട്ടു. ഭുവനേശ്വറിൻ്റെ അഭാവത്തിൽ ഹർദ്ദിക്ക് പാണ്ഡ്യയ്ക്കും വിജയ് ശങ്കറിനും പന്തേല്പിക്കാൻ നിർബന്ധിതനായ കോലി വിയർത്തു. ഇരുവരെയും അനായാസം നേരിട്ട സമാൻ-അസം സഖ്യം അനായാസം സ്കോർ ചെയ്യാൻ തുടങ്ങി. ഇതിനിടെ 59 പന്തുകളിൽ തൻ്റെ അര സെഞ്ചുറി കുറിച്ച സമാൻ 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിനെ ഓർമിപ്പിച്ചു.
രണ്ടാം വിക്കറ്റിൽ 104 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ സഖ്യം വേർപിരിയുന്നത് 24ആം ഓവറിലാണ്. 48 റൺസെടുത്ത അസമിൻ്റെ കുറ്റി പിഴുത കുൽദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 26ആം ഓവറിൽ ഫഖർ സമാനും കുൽദീപിൻ്റെ ഇരയായി. 62 റൺസെടുത്ത സമാനെ ചഹാൽ പിടികൂടി. 27ആം ഓവറിൽ 9 റൺസെടുത്ത മുഹമ്മദ് ഹഫീസിനെ വിജയ് ശങ്കറുടെ കൈകളിലെത്തിച്ച ഹർദ്ദിക് പാണ്ഡ്യ മത്സരത്തിലെ ആദ്യ വിക്കറ്റ് വീഴ്ത്തി. തൊട്ടടുത്ത പന്തിൽ ഷൊഐബ് മാലിക്കിൻ്റെ കുറ്റി പിഴുത പാണ്ഡ്യ പാക്കിസ്ഥാനെ വലിയ അപകടത്തിലേക്ക് തള്ളിയിട്ടു.
ഇപ്പോൾ റണ്ണൊന്നുമെടുക്കാതെ സർഫറാസ് അഹ്മദും ഇമാദ് വാസിമുമാണ് ക്രീസിൽ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here