Advertisement

പ്രവേശന ഫീസ് അടച്ചതിന്റെ രസീത് നമ്പര്‍ അപേക്ഷയ്‌ക്കൊപ്പം ചേര്‍ക്കാന്‍ കഴിഞ്ഞില്ല; ഒരു വിഭാഗം വിദ്യാര്‍ഥികളുടെ ബിരുദ പ്രവേശനം അനിശ്ചിതത്വത്തില്‍

June 16, 2019
0 minutes Read

പ്രവേശന ഫീസ് അടച്ചതിന്റെ രസീത് നമ്പര്‍ അപേക്ഷയ്‌ക്കൊപ്പം ചേര്‍ക്കാന്‍ കഴിയാത്തതിനാല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ ഒരു വിഭാഗം വിദ്യാര്‍ഥികളുടെ ബിരുദ പ്രവേശനം അനിശ്ചിതത്വത്തില്‍. ഇന്റര്‍നെറ്റ് സേവന കേന്ദ്രങ്ങളില്‍ വന്ന പിഴവാണ് കാരണമെന്നാണു സൂചന. നൂറിലേറെ വിദ്യാര്‍ഥികള്‍ പരാതിയുമായി സര്‍വകലാശാലയെ സമീപിച്ചു. നാളെ സര്‍വകലാശാലയുടെ പ്രവേശന സമിതി വിഷയം ചര്‍ച്ച ചെയ്യും.

കണ്ണൂര്‍ കക്കാട് എന്ന പ്രദേശത്ത് മാത്രം ആറ് വിദ്യാര്‍ഥികള്‍ക്ക് ബിരുദ പഠനത്തിനുള്ള അവസരം നഷ്ടമായി. ഒന്നാം ഘട്ട അലോട്ട്‌മെന്റിനുശേഷം പ്രവേശനം കാത്തിരുന്ന നൂറിലേറെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതുപോലെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അവസരം നഷ്ടമായത്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ജനസേവ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷിച്ച ചിലര്‍ക്കാണ് പ്രശ്‌നമുണ്ടായത്. എസ്ബിഐ കലക്ട് വഴി ഫീസടച്ചതിനു തെളിവായി ലഭിക്കുന്ന ഡിയു നമ്പര്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യാന്‍ സേവന കേന്ദ്രങ്ങളിലെ ജീവനക്കാര്‍ വിട്ടുപോയതാണ് കാരണം.

ഫീസടച്ചതിനുശേഷം നമ്പര്‍ അപ് ലോഡ്‌ ചെയ്യണമെന്നു സര്‍വകലാശാല മുന്‍കൂട്ടി നിര്‍ദേശിച്ചിരുന്നു. അക്ഷയ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് ഇതു സംബന്ധിച്ചു ശില്‍പശാലയും നടത്തിയിരുന്നു. ഇവര്‍ ഫീസ് അടച്ചില്ലെന്നു കണക്കാക്കി ഈ ഒഴിവുകള്‍ രണ്ടാംഘട്ട അലോട്‌മെന്റിലെ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചു. ഇതോടെയാണ് ഇവര്‍ക്കു പ്രവേശനം നഷ്ടമായത്.

ഈ മാസം 24നാണു ക്ലാസ് തുടങ്ങുക. മൂന്നാം അലോട്‌മെന്റ് പട്ടിക വരുന്ന നാളെ പ്രവേശന സമിതി യോഗവും ചേരുന്നുണ്ട്. നാളെ ഉച്ചവരെ ലഭിക്കുന്ന പരാതികള്‍ പരിഗണിച്ചു പകരം സംവിധാനമൊരുക്കാന്‍ ശ്രമിക്കുമെന്നാണു സര്‍വകലാശാല പറയുന്നത്. ഈ ബാച്ചിനായി മാത്രം അധിക സീറ്റുകള്‍ അനുവദിക്കേണ്ടി വരും. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ നൂറിലേറെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം വഴിമുട്ടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top