വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച ഷെരിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച ഷെരിന്റെ കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. അരുണാചല്‍ പ്രദേശില്‍ തകര്‍ന്ന വിമാനത്തില്‍ ഉണ്ടായിരുന്ന മൂന്ന് മലയാളികളില്‍ ഒരാളാണ് ഷെരിന്‍. മൃതദേഹം ഇതുവരെ നാട്ടിലെത്തിച്ചിട്ടില്ല.
അഞ്ചരക്കണ്ടി കുഴിമ്പാലോട് മട്ടയിലെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഷെരിന്റെ കുടുംബത്തെ സന്ദര്‍ശിച്ചത്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ അടക്കമുള്ള നേതാക്കളും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്ന പതിമൂന്ന് പേരും മരിച്ചെന്ന് മാത്രമാണ് വ്യോമസേന അറിയിച്ചിട്ടുള്ളത്. മൃതദേഹം എപ്പോള്‍ വീട്ടിലെത്തിക്കുമെന്ന കാര്യത്തില്‍ കുടുംബത്തിന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
ഇരുപത്തിയേഴുകാരാനായ ഷെരിന്‍ ഏഴ് വര്‍ഷം മുന്‍പാണ് വ്യോമസേനയില്‍ ചേര്‍ന്നത്. 2017 മുതല്‍ അരുണാചല്‍ പ്രദേശിലെ മേചുകി വ്യോമകേന്ദ്രത്തിലായിരുന്നു ഷെരിന്‍. ജൂണ്‍ മൂന്നിനാണ് ഷെരിനടക്കം പതിമൂന്ന് പേര്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടത്. കുഴിമ്പാലോട് മെട്ടയിലെ പികെ പവിത്രന്റെയും എന്‍കെ ശ്രീജയുടേയും മകനാണ് ഷെരിന്‍. ഒരു വര്‍ഷം മുന്‍പാണ് ഷെരിന്റെ വിവാഹം കഴിഞ്ഞത്. ഷെരിന്‍ സഞ്ചരിച്ച വിമാനം കാണാതായ കാര്യം മാത്രമാണ് മാതാപിതാക്കളെ ഇതുവരെ അറിയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here