ശുചിമുറിയില്‍ കഴിയേണ്ടി വന്ന സ്വര്‍ണമെഡല്‍ ജേതാവ് ശാരികയ്ക്കു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായി

വീടില്ലാത്തതിനാല്‍ ശുചിമുറിയില്‍ കഴിയേണ്ടി വന്ന സ്വര്‍ണമെഡല്‍ ജേതാവ് ശാരികയ്ക്കു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായി. സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സ്വര്‍ണ മെഡല്‍ ജേതാവ് എംഎസ് ശാരികയ്ക്കാണ് മുന്‍ എംപി കെസി വേണുഗോപാല്‍ വീട് നിര്‍മിച്ചു നല്‍കിയത്. വീടിന്റെ താക്കോല്‍ ശാരിക കെസി വേണുഗോപാലില്‍ നിന്നും ഏറ്റുവാങ്ങി.
ഒരു അടച്ചുറപ്പുള്ള വീട് എന്നും സ്വപ്നമായിരുന്നു ഈ കുടുംബത്തിന്. നിറംമങ്ങിയ സ്വര്‍ണമെഡലുകള്‍, സൂക്ഷിച്ചുവയ്ക്കാന്‍ ഇടമില്ലാതെയിരുന്ന നാളുകള്‍ ഇനി പഴയ കഥ. പുതിയ വീടിനൊപ്പം പുത്തന്‍ പ്രതീക്ഷകളും ഉണ്ട് ശാരികയ്ക്കു. ചാക്കില്‍ കൂട്ടിയിട്ടിരുന്ന നൂറോളം ട്രോഫികള്‍ പുതിയ വീടിന്റെ ഹാളിലെ ഷോകെയ്‌സില്‍ നിരന്നപ്പോള്‍ ശാരികയുടെ മുഖത്ത് ആത്മ വിശ്വാസത്തിന്റെ തിളക്കം.
3 കിടപ്പുമുറികളും അടുക്കളയും ഹാളും പൂമുഖവുമുള്ള, ടൈല്‍ പാകിയ വീടിന്റെ ചില മിനുക്കുപണികള്‍ കൂടി കഴിഞ്ഞാല്‍ ഗൃഹപ്രവേശം നടത്തും. ശാരികയുടെ ദുരവസ്ഥയറിഞ്ഞു വീടുനിര്‍മിച്ചു നല്‍കാമെന്നു പലരും വാഗ്ദാനം ചെയ്‌തെങ്കിലും പിന്നീട് ദൗത്യം അന്നത്തെ എംപി കെസി വേണുഗോപാല്‍ ഏറ്റെടുക്കു കയായിരുന്നു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തംഗം ടിഎച്ച് സലാമിനെ ചെയര്‍മാനാക്കി ജനകീയ സമിതി രൂപീകരിച്ച് വീടിന്റെ നിര്‍മാണവും തുടങ്ങി. ജനകീയസമിതിക്കു സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായെങ്കിലും അതൊന്നും വീട് നിര്‍മാണത്തെ ബാധിച്ചില്ല.
ഏതായാലും കഴിഞ്ഞതെല്ലാം ഒരു ദുഃസ്വപ്നമായി കരുതി പുതിയ സ്വപ്നങ്ങള്‍ കണ്ടുറങ്ങാന്‍ ശാരികയ്ക്ക് അടച്ചുറപ്പുള്ളൊരു വീടു ഇവര്‍ നിര്‍മ്മിച്ച് നല്‍കി. പുതിയ വീട്ടില്‍ നിന്നു കായികരംഗത്തേക്ക് ശാരിക മടങ്ങിയെത്തണമെന്നും പുതിയ ഉയരങ്ങള്‍ കീഴടക്കണമെന്നും കെസി വേണുഗോപാല്‍ നിര്‍ദേശിച്ചു. ടിഎച്ച്‌സലാം, ശാരികയുടെ അച്ഛന്‍ ശശീന്ദ്രന്‍, അരൂര്‍ അന്‍സാരി, സി ഡി ശങ്കര്‍ തുടങ്ങിയവര്‍ താക്കോല്‍ ദാന ചടങ്ങില്‍ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here