തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. പോലീസിന് മേൽ നിയന്ത്രണമില്ലാത്തയാൾ എങ്ങനെ ആ സ്ഥാനത്ത് ഇരിക്കുമെന്ന് കോടതി ചോദിച്ചു. പോലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടലിന് സാധ്യതയുണ്ടെന്ന് കമ്മീഷണർ കത്ത് നൽകിയതിനെയാണ് കോടതി വിമർശിച്ചത്.
പോലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴാണ് തിരുവനന്തരപുരം സിറ്റി പോലീസ് കമ്മീഷണർ സഞ്ജയ്കുമാർ ഗരുഡിനെ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. പോലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ സേനാംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലിന് സാധ്യതയുണ്ടെന്ന കത്ത് കമ്മീഷണർ സഹകരണ സംഘം തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരുന്നു. അതിനാൽ തിരഞ്ഞെടുപ്പ് മാറ്റണമെന്നായിരുന്നു ആവശ്യം. ഈ കത്ത് കമ്മീഷൻ കോടതിയിൽ ഹാജരാക്കി. സ്വന്തം സേനയിലെ ഉദ്യോഗസ്ഥരുടെ അച്ചടക്കം ഉറപ്പാക്കാൻ കഴിയാത്ത ആൾക്ക് എങ്ങനെ കമ്മീഷണറുടെ പദവിയിലിരിക്കാനാകുമെന്ന് കോടതി ചോദിച്ചു.
വിഷയത്തിൽ ഡിജിപിയോട് കോടതി വിശദീകരണം തേടി. ഡിജിപിക്കും സമാന നിലപാടാണോ ഉള്ളതെന്ന് അറിയാൻ താൽപര്യമുണ്ടെന്ന് കോടതി പറഞ്ഞു. ഡിജിപിയോട് വെള്ളിയാഴ്ച വിശദീകരണം നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. ഈ മാസം 27നാണ് സഹകരണ സംഘം തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. അന്ന് തിരുവനന്തപുരത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ നടക്കുന്നതിനാൽ എല്ലാ സേന അംഗങ്ങൾക്കും തിരഞ്ഞെടുപ്പിൽ ഹാജരാകാൻ കഴിയില്ല. അതിനാൽ തിരഞ്ഞെടുപ്പ് 30ലേക്ക് മാറ്റിവെക്കമെന്ന ആവശ്യമാണ് ഹർജിയിൽ ഉന്നയിച്ചിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here