കോഴിക്കോട് മെഡിക്കൽ കോളെജിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം

കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കിയ വകയിൽ റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയിൽ നിന്നുമാത്രം ആശുപത്രിക്ക് ലഭിക്കാനുള്ളത് മുപ്പത്തിയാറു കോടി രൂപയാണ്. പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇന്ന് വൈകിട്ട് ആശുപത്രി സൂപ്രണ്ട് കലക്ടറുമായി കൂടിക്കാഴ്ച നടത്തും.
ഇക്കഴിഞ്ഞ ഏപ്രിൽ മുതലാണ് സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കിയത്. നിലവിൽ ഈ രണ്ടു മാസത്തിനിടെ 7705 പേർക്ക് ഈ പദ്ധതി പ്രകാരം ചികിൽസ നൽകി. ഒമ്പത് കോടി രൂപയാണ് സർക്കാറിന് ഈ ഇനത്തിൽ ചിലവായത്. എന്നാൽ ഈ പദ്ധതി നടത്തിപ്പു കരാറെടുത്ത റിലയൻസ് ജനറൽ ഇൻഷൂറൻസ് കമ്പനി നൽകിയതാകട്ടെ ഒരു കോടി രൂപ മാത്രം. ഇതിനു പുറമെയാണ് നേരത്തെ നടപ്പിലാക്കിയ ആർ.എസ്.ബി.വൈ പദ്ധതിയിൽ നിന്ന് ലഭിക്കാനുള്ള 28 കോടി രൂപ. ഈ പദ്ധതിയുടേയും നടത്തിപ്പ് കരാർ റിലയൻസിനാണ്.
ആശുപത്രി വികസന സമിതിയുടെ ഫണ്ടുപയോഗിച്ചാണ് നിലവിൽ ആശുപത്രിയുടെ പ്രവർത്തനം. എന്നാൽ ആശുപത്രിക്ക് ലഭിക്കേണ്ട തുക സർക്കാറിൽ നിന്ന് ലഭിക്കാതായതോടെ വികസന സമിതിയുടെ പ്രവർത്തനവും പ്രതിസന്ധിയിലാണ്. ഇതു മാത്രമല്ല കുടിശിക കൂടിയതോടെ മരുന്ന് വിതരണക്കാർ വിതരണം നിർത്തിവെക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കുടിശിക തീർക്കണമെന്ന ആവശ്യവുമായി ഈ രണ്ടു സംഘടനകളും സൂപ്രണ്ടിനെ രണ്ടിലധികം തവണ കണ്ടു. പ്രശ്‌നം പരിഹരിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ ശസ്ത്രക്രിയകൾ നടത്താൻ കഴിയാത്ത സാഹചര്യമായിരിക്കും ഉണ്ടാവുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here