മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥി റാഗിങിനിരയായതായി പരാതി

മലപ്പുറം വണ്ടൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിങ്ങിനിരയാക്കിയതായി പരാതി. വാണിയമ്പലം ഗവ. ഹയർ സെക്കന്ററി സ്‌കൂളിലാണ് സംഭവം. വിദ്യാർത്ഥിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. വാണിയമ്പലം ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് വൻ കൊമേഴ്‌സ് വിദ്യാർഥിയായ മുഹമ്മദ് ശാഹുലാണ് മർദ്ദനത്തിന് ഇരയായത്. സീനിയർ വിദ്യാർത്ഥികൾ ചേർന്ന് റാഗിങ് ചെയ്തുവെന്ന് ശാഹുൽ അധ്യാപകരോട് പരാതിപ്പെട്ടിരുന്നു. അധ്യാപകരെ അറിയിച്ചത് ചോദ്യം ചെയ്ത സംഘം ക്ലാസ് വിട്ട് പോകുന്ന സമയത്ത് കൂട്ടം ചേർന്ന് മർദ്ദിച്ചു. വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടുകയും കൈ ഓടിക്കുകയും ചെയ്തു. മർദ്ദിച്ച ശേഷം നിലത്തിട്ട് വലിച്ചിഴച്ചതായും പരാതിയിലുണ്ട്. പരിക്കേറ്റ വിദ്യാർത്ഥി വണ്ടൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളെജ് ആശുപത്രിയിലും ചികിത്സ തേടി.

പരാതിയെ തുടർന്ന് വണ്ടൂർ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അധ്യയന വർഷം ആരംഭിച്ച ശേഷം ജില്ലയിലെ രണ്ടാമത്തെ സംഭവമാണിത്. ഇന്നലെ മലപ്പുറം പാണക്കാടും സമാനമായ രീതിയിൽ റാഗിങ് കേസ് റിപ്പോർട്ട് ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top