ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിന്റെ സാധ്യത പരിശോധനയ്ക്കായി സമിതിയെ നിയമിക്കും

രാജ്യത്ത് ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിനായി സമിതിയെ നിയോഗിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. 21 പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തെന്നും ഭൂരിഭാഗം പാര്‍ട്ടികളും സര്‍ക്കാരിന്റെ നീക്കത്തോട് അനുകൂലമായാണ് പ്രതികരിച്ചതെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിംഗ് പറഞ്ഞു. രാജ്യത്ത് ഒറ്റത്തെരഞ്ഞെടുപ്പ് നടപ്പാക്കുന്ന രീതി ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അടക്കം എട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ യോഗത്തിനെത്തിയിരുന്നില്ല.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കുന്നതിന്റെ പ്രായോഗികത പഠിക്കുന്നതിന് വേണ്ടിയാണ് സമിതിയെ നിയോഗിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പ്രതിപക്ഷത്തുള്ള ഇടത് പാര്‍ട്ടികള്‍, എന്‍സിപി, പിഡിപി അടക്കം 21 പാര്‍ട്ടികള്‍ പങ്കെടുത്തു. ഭൂരിഭാഗം പാര്‍ട്ടികളും സര്‍ക്കാരിന്റെ ആശയത്തിനൊപ്പമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു.
രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം ഭരണ ഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ തത്വങ്ങളെ അട്ടിമറിക്കുന്നതാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സംസ്ഥാന സര്‍ക്കാരുകള്‍ താഴെ വീണാല്‍ അടുത്ത തെരഞ്ഞെടുപ്പിന് വേണ്ടി നീണ്ട കാലം കാത്തിരിക്കേണ്ടി വരുകയും അത് രാഷ്ട്രപതി ഭരണത്തിന് വഴിവെക്കുന്ന സാഹചര്യമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ യോഗത്തില്‍ നിന്ന് വിട്ട് നിന്നത്. ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് തന്നെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം മുന്നോട്ട് വെച്ചിരുന്നു. രണ്ടാം തവണ അധികാരത്തില്‍ വന്നയുടന്‍ തന്നെ ഇക്കാര്യം നിയമമാക്കാനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here