വ്യോമസേനാ വിമാനം തകര്‍ന്ന് കൊല്ലപ്പെട്ട മലയാളി സൈനികരുടെ സംസ്‌കാരച്ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു

അരുണാചല്‍ പ്രദേശില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് കൊല്ലപ്പെട്ട മലയാളികളായ സൈനികരുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഫ്ളൈറ്റ് എഞ്ചിനീയര്‍ അനൂപ്കുമാറിന്റെ മൃതദേഹം കൊല്ലം അഞ്ചലിലെ വീട്ടുവളപ്പിലും ഷെറിന്റേത് കണ്ണൂര്‍ അഞ്ചരക്കണ്ടിയിലുമാണ് സംസ്‌കരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെയും വ്യോമസേനയുടെയും ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
തിരുവനന്തപുരം വ്യോമസേന ടെക്‌നിക്കല്‍ ഏരിയയില്‍ പ്രത്യേക വിമാനത്തില്‍ എത്തിച്ച ഫ്ളൈറ്റ് എഞ്ചിനീയര്‍ അനൂപ് കുമാറിന്റെ മൃതദേഹം 8 മണിയോടെയാണ് അഞ്ചലില്‍ എത്തിച്ചത്. അനൂപ് പഠിച്ച ഏരൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷം ആലഞ്ചേരിയിലെ വസതിയില്‍ എത്തിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി കെ രാജുവാണ് അന്തിമോപചാരം അര്‍പ്പിച്ചത്. 12.30 തോടെ സംസ്‌കാരചടങ്ങുകള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തിന്റെയും വ്യോമസേനയുടെയും പൂര്‍ണ ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
കണ്ണൂര്‍ വിമാനത്താവാളത്തില്‍ എത്തിച്ച ഷെറിന്റെ മൃതദേഹം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഏറ്റുവാങ്ങി. മുരിങ്ങേരി എല്‍പി സ്‌കൂളിലെയും, അഞ്ചരക്കണ്ടിയിലെ വീട്ടിലെയും പൊതുദര്‍ശനത്തിന് ശേഷമായിരുന്നു സംസ്‌കാരം. തൃശൂരില്‍ സ്വദേശി വിനോദ് കുമാറിന്റെ മൃതദേഹം നിലവിലെ താമസസ്ഥലമായ കോയമ്പത്തൂരിലെ സിങ്കാനെല്ലൂരില്‍ സംസ്‌കരിച്ചു. കഴിഞ്ഞ ജൂണ്‍ മൂന്നിനായിരുന്നു അസമില്‍ നിന്നും അരുണാചല്‍പ്രദേശിലെ മച്ചുകയിലേക്കുള്ള യാത്രക്കിടെ വ്യോമസേനയുടെ എഎന്‍ 32 വിമാനം തകര്‍ന്ന് 13 പേരെ കാണാതായത്. 8 ദിവസത്തെ തെരച്ചിലിനോടുവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here