Advertisement

യുഎസ് ചാരവിമാനം ഇറാന്‍ വെടിവെച്ചിട്ടു; ഇറാനു നേരെ ആക്രമണത്തിനൊരുങ്ങി യുഎസ്

June 21, 2019
0 minutes Read

ഹോര്‍മുസ് കടലിടുക്കിനു സമീപം ആകാശാതിര്‍ത്തി ലംഘിച്ച യുഎസ് ചാരവിമാനം ഇറാന്‍ വെടിവച്ചിട്ടതിനു തൊട്ടുപിന്നാലെ ഇറാനെ ആക്രമിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. റഡാര്‍, മിസൈല്‍ യൂണിറ്റുകള്‍ തുടങ്ങിയവ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ട്രംപ് അനുമതി നല്‍കിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അവസാന നിമിഷം ട്രംപ് തീരുമാനത്തില്‍ നിന്നു പിന്നോട്ടുപോയെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ന് പുലര്‍ച്ചെ ഇറാനെ ആക്രമിക്കാനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുമതി നല്‍കിയത്. എന്നാല്‍ വൈറ്റ്ഹൗസില്‍ നടന്ന നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനത്തില്‍ നിന്നു പിന്മാറുകയായിരുന്നു. യുദ്ധവിമാനങ്ങളും കപ്പലുകളും ആക്രമണത്തിനു തയ്യാറെടുത്തതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പിന്‍മാറ്റം. ആക്രമണം വേണ്ടെന്ന ഉത്തരവ് വന്നതോടെ ഒരു മിസൈല്‍ പോലും ഉതിര്‍ത്തില്ലെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ മുതിര്‍ന്ന സുരക്ഷാ ഉപദേഷ്ടകന്മാര്‍ക്ക് ഇറാനെതിരായ നീക്കത്തില്‍ അഭിപ്രായഭിന്നതയുണ്ട്.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍, സിഐഎ ഡയറക്ടര്‍ ജിനാ ഹാസ്‌പെല്‍ തുടങ്ങിയവര്‍ ആക്രമണനീക്കത്തെ അനുകൂലിച്ചു. എന്നാല്‍ പെന്റഗണിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മേഖലയില്‍ ഇപ്പോഴുള്ള അമേരിക്കന്‍ സൈനികര്‍ നേരിടേണ്ടിവരുന്ന പ്രതികൂലാവസ്ഥ ചൂണ്ടിക്കാട്ടി ഇതിനെ എതിര്‍ക്കുകയായിരുന്നു. അതേസമയം ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള എല്ലാ വിമാന സര്‍വീസുകളും അമേരിക്ക റദ്ദാക്കിയിട്ടുണ്ട്. ടെഹ്റാന്‍ വഴി ഇന്ത്യയിലേയ്ക്കുള്ള വിമാനങ്ങളുടെ സര്‍വീസും നിലച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top