യുഎസ് മുന്നറിയിപ്പ്; തല്കാലം ഇറാനു മുകളിലൂടെ പറക്കാനില്ലെന്ന് വിമാനക്കമ്പനികൾ

ഹോർമുസ് കടലിടുക്കിനു സമീപം അന്തർദേശീയ വ്യോമമേഖലയിൽ പറന്ന ഡ്രോൺ ഇറാൻ വെടിവച്ചിട്ടതിനു പിന്നാലെ ഇറാൻ വ്യോമ പാതയിലൂടെയുള്ള സർവീസുകളിൽ മാറ്റം വരുത്തി വിമാനക്കമ്പനികൾ. ഇറാൻ വ്യോമപാതയിലൂടെ തല്കാലം സർവീസ് നടത്തേണ്ടതില്ലെന്നാണ് വിമാനക്കമ്പനികളുടെ തീരുമാനം. എമിറേറ്റ്സ്, എത്തിഹാദ്, ഫ്ലൈദുബായ്, എയർ അറേബ്യ തുടങ്ങിയ കമ്പനികളാണ് ഇറാന്റെ നിയന്ത്രണത്തിലുള്ള വ്യോമ മേഖലയിലൂടെ തല്കാലം പറക്കേണ്ടെന്ന് തീരുമാനിച്ചത്.
മേഖലയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും. പ്രശ്നങ്ങളില്ല എന്ന് വ്യക്തമാകുമ്പോൾ ഇനി ഇറാൻ നിയന്ത്രണത്തിലുള്ള വ്യോമപാതയിലൂടെ സർവീസ് നടത്തുന്നതിനേക്കുറിച്ച് ആലോചിക്കാമെന്നുമാണ് കമ്പനികൾ അറിയിച്ചിരിക്കുന്നത്. മുൻ കരുതൽ എന്ന നിലയിലാണ് വ്യോമപാതയിൽ മാറ്റം വരുത്തിയതെന്നും കമ്പനികൾ പറഞ്ഞു.
നേരത്തെ, ഇറാന്റെ നിയന്ത്രണത്തിലുള്ള വ്യോമമേഖലയിലെ ഹോർമുസ് കടലിടുക്കിനും ഒമാൻ ഉൾക്കടലിനും മുകളിലൂടെ പറക്കരുതെന്ന് വിമാനക്കമ്പനികളോട് യുഎസ് ഫെഡറൽ ഏവിയേഷൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിമാനക്കമ്പനികൾ ഇറാനു മുകളിലൂടെ തല്കാലം പറക്കേണ്ട എന്ന് തീരുമാനിച്ചത്.