സ്പിന്നിൽ തകർന്ന് ഇന്ത്യ; അഫ്ഗാനിസ്ഥാന് 225 റൺസ് വിജയലക്ഷ്യം

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് മോശം സ്കോർ. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണ് ഇന്ത്യക്ക് നേടാനായത്. 67 റൺസെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. 52 റൺസെടുത്ത കേദാർ ജാദവും ഇന്ത്യക്കു വേണ്ടി തിളങ്ങി. അഫ്ഗാനിസ്ഥാനു വേണ്ടി ക്യാപ്റ്റൻ ഗുൽബദിൻ നെയ്ബും മുഹമ്മദ് നബിയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. രോഹിത് ശർമയെ നേരിടാൻ സ്പിന്നറെ രംഗത്തിറക്കിയ അഫ്ഗാൻ ക്യാപ്റ്റൻ ഗുൽബദിൻ നെയ്ബിൻ്റെ തന്ത്രം പിഴച്ചില്ല. ഇന്നിംഗ്സിൻ്റെ അഞ്ചാം ഓവറിൽ രോഹിത് (1) ക്ലീൻ ബൗൾഡായി. മുജീബിനു തന്നെയായിരുന്നു വിക്കറ്റ്.
ശേഷം രാഹുൽ-കോലി സഖ്യം മെല്ലെ സ്കോർ ഉയർത്തി. കോലി അനായാസം സ്കോർ ചെയ്തപ്പോൾ രാഹുൽ കോലിക്ക് ഉറച്ച പിന്തുണ നൽകി. എന്നാൽ കോലിയുമായി രണ്ടാം വിക്കറ്റിൽ 57 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷം രാഹുലും മടങ്ങി. മുഹമ്മദ് നബിയെ റിവേഴ്സ് സ്വീപ്പിനു ശ്രമിച്ച് ഹസ്റതുല്ലയുടെ കൈകളിൽ അവസാനിക്കുമ്പോൾ 30 റൺസായിരുന്നു രാഹുലിൻ്റെ സമ്പാദ്യം.
മൂന്നാം വിക്കറ്റിൽ വിജയ് ശങ്കറിനെ കൂട്ടുപിടിച്ച കോലി ഇന്ത്യൻ സ്കോർ ബോർഡ് ചലിപ്പിച്ചു കൊണ്ടിരുന്നു. സാവധാനം വിജയ് ശങ്കറും താളം കണ്ടെത്താൻ തുടങ്ങിയതോടെ ഇന്ത്യ ട്രാക്കിലായി. ഇതിനിടെ 48 പന്തുകളിൽ കോലി ടൂർണമെൻ്റിലെ തുടർച്ചയായ മൂന്നാം അർദ്ധശതകം കുറിച്ചു.
മൂന്നാം വിക്കറ്റിൽ കോലിയുമായി 58 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ വിജയ് ശങ്കർ 27ആം ഓവറിൽ പുറത്തായി. റഹ്മത് ഷായുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി പുറത്താവുമ്പോൾ 29 റൺസായിരുന്നു ശങ്കറിൻ്റെ സമ്പാദ്യം. 31ആം ഓവറിൽ കോലിയും പുറത്തായതോടെ ഇന്ത്യ ഒരു തകർച്ച മുന്നിൽ കണ്ടു. മുഹമ്മദ് നബിയുടെ പന്തിൽ റഹ്മത് ഷാ പിടിച്ച് പുറത്തായ കോലി 67 റൺസെടുത്തിരുന്നു.
കോലി പുറത്തായതിനു പിന്നാലെ ക്രീസിൽ ഒത്തു ചേർന്ന ധോണി-കേദാർ ജാദവ് സഖ്യം സാവധാനത്തിലെങ്കിലും ഇന്ത്യൻ സ്കോർ മുന്നോട്ടു നയിച്ചു. സ്പിന്നർമാർക്കു മുന്നിൽ പതറിയ ധോണി റൺ കണ്ടെത്താൻ വിഷമിച്ചു. കേദാറുമായി അഞ്ചാം വിക്കറ്റിൽ 57 റൺസെടുത്ത കോലി കൂറ്റനടിക്കുള്ള ശ്രമത്തിനിടെ റാഷിദ് ഖാന് മത്സരത്തിലെ ആദ്യ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 52 പന്തുകളിൽ 28 റൺസെടുത്ത ധോണിയെ വിക്കറ്റ് കീപ്പർ ഇക്രം അലി ഖിൽ സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നു.
അവസാന ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ അഫ്ഗാനിസ്ഥാൻ കൂറ്റൻ ഷോട്ടുകൾ അടിക്കുന്നതിൽ നിന്നും കേദാർ ജാദവിനെയും ഹർദ്ദിക് പാണ്ഡ്യയെയും തടഞ്ഞു നിർത്തി. 49ആം ഓവറിൽ ഹർദ്ദിക് പാണ്ഡ്യയെ (7) വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച അഫ്തബ് ആലവും വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു.
അവസാന ഓവറിലെ ആദ്യ പന്തിൽ 2 റൺസെടുത്ത ജാദവ് 66 പന്തുകളിൽ ലോകകപ്പിലെ ആദ്യ അർദ്ധസെഞ്ചുറി കുറിച്ചു. അവസാന ഓവർ എറിഞ്ഞ നയ്ബ് ഓവറിൽ 5 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയതോടെ ഇന്ത്യൻ സ്കോർ 224ൽ ഒതുങ്ങി. ഷമിയെ (1) ക്ലീൻ ബൗൾഡാക്കിയ നയ്ബ് കേദാർ ജാദവിനെ (52) നൂർ അലി സദ്രാൻ്റെ കൈകളിലെത്തിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here