ധൈര്യപൂർവം അഫ്ഗാൻ; സമ്മർദമുയർത്തി ഇന്ത്യ: മത്സരം ആവേശത്തിലേക്ക്

ലോകകപ്പിലെ ഇന്ത്യ-അഫ്ഗാനിസ്ഥാൻ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. നിലവാരമുള്ള ഇന്ത്യൻ ബൗളിംഗിനെ ധൈര്യത്തോടെ നേരിടുന്ന അഫ്ഗാനിസ്ഥാൻ എന്ത് വില കൊടുത്തും മത്സരം ജയിക്കാനുള്ള ശ്രമത്തിലാണ്. അതേ സമയം, റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാട്ടുന്ന ഇന്ത്യൻ ബൗളിംഗ് വിട്ടുകൊടുക്കാനും തയ്യാറാവുന്നില്ല. 33 ഓവറുകൾ പിന്നിടുമ്പോൾ അഫ്ഗാനിസ്ഥാൻ 4 വിക്കറ്റ് നഷ്ടത്തിൽ 121 റൺസെന്ന നിലയിലാണ്.
ഇന്ത്യൻ ഓപ്പണിങ് ബൗളർമാർ അഫ്ഗാനിസ്ഥാനെ വിറപ്പിച്ചാണ് തുടങ്ങിയത്. ഷമിയുടെയും ബുംറയുടെയും പേസിനു മുന്നിൽ പലപ്പോഴും പകച്ച അഫ്ഗാനിസ്ഥാൻ ഓപ്പണർമാരെ പലപ്പോഴും ഭാഗ്യം സംരക്ഷിച്ചു നിർത്തി. എന്നാൽ ഏഴാം ഓവറിൽ ഭാഗ്യത്തിൻ്റെ കളി അവസാനിച്ചു. ക്രീസിൽ താളം കണ്ടെത്താൻ വിഷമിച്ച ഹസ്റതുല്ല സസായുടെ (10) കുറ്റി പിഴുത ഷമി ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ വിക്കറ്റ് നേടി.
രണ്ടാം വിക്കറ്റിൽ ക്രീസിലൊത്തു ചേർന്ന റഹ്മത് ഷാ-ഗുൽബദിൻ നയ്ബ് സഖ്യം ശ്രദ്ധാപൂർവം ഇന്നിംഗ്സ് കെട്ടിപ്പടുത്തു. മോശം പന്തുകൾ തിരഞ്ഞു പിടിച്ച് ശിക്ഷിച്ച ഇരുവരും 44 റൺസാണ് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 17ആം ഓവറിൽ ഹർദ്ദിക് പാണ്ഡ്യ ആ കൂട്ടുകെട്ട് തകർത്തു. ഹർദ്ദികിനെ പുൾ ചെയ്യാൻ ശ്രമിച്ച ക്യാപ്റ്റൻ ഗുൽബദിൻ നയ്ബ് വിജയ് ശങ്കറിനു പിടികൊടുത്ത് മടങ്ങി. പുറത്താവുമ്പോൾ 27 റൺസായിരുന്നു നയ്ബിൻ്റെ സമ്പാദ്യം.
തുടർന്ന് റഹ്മത് ഷായോടൊപ്പം ഹഷ്മതുല്ല ഷാഹിദി ഒത്തു ചേർന്നു. വളരെ സാവധാനം ബാറ്റ് ചെയ്ത ഇരുവരും ശ്രദ്ധയോടെ ഇന്നിംഗ്സ് കെട്ടിപ്പടുത്തു. ഇന്ത്യയുടെ രണ്ട് സ്പിന്നർമാരെയും ബുദ്ധിപരമായി നേരിട്ട ഇവർ മൂന്നാം വിക്കറ്റിൽ 42 റൺസ് കൂട്ടിച്ചേർത്തു. 27ആം ഓവറിൽ ബുംറയെ തിരികെ വിളിക്കാനുള്ള കോലിയുടെ നീക്കം ഫലം കാണുന്നതാണ് 29ആം ഓവറിൽ കണ്ടത്. ഓവറിലെ ആദ്യ പന്തിൽ തന്നെ ഒരു ലെഗ് ബിഫോർ അപ്പീലിൽ നിന്നും രക്ഷപ്പെട്ടെങ്കിലും നാലാം പന്തിൽ റഹ്മത് ഷാ പുറത്തായി. ബുംറയുടെ ബൗൺസർ പുൾ ചെയ്യാൻ ശ്രമിച്ച ഷായെ ചഹാൽ ഉജ്ജ്വലമായി കൈപ്പിടിയിലൊതുക്കി. 36 റൺസെടുത്താണ് ഷാ പുറത്തായത്. ഓവറിലെ അവസാന പന്തിൽ ഷാഹിദിയെയും പുറത്താക്കിയ ബുംറ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. 21 റൺസെടുത്ത ഷാഹിദിയെ ബുംറ സ്വന്തം ബൗളിംഗിൽ പിടികൂടുകയായിരുന്നു.
6 റൺസെടുത്ത മുൻ ക്യാപ്റ്റൻ അസ്ഗർ അഫ്ഗാനും 8 റൺസെടുത്ത മുഹമ്മദ് നബിയുമാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here