Advertisement

കോപ്പ അമേരിക്ക: അഞ്ചടിച്ച് ബ്രസീൽ; പെറുവിനെ തകർത്ത് ക്വാർട്ടറിൽ

June 23, 2019
Google News 1 minute Read

കോപ്പ അമേരിക്കയിൽ പെറുവിനെ മടക്കമില്ലാത്ത അഞ്ചു ഗോളുകൾക്ക് കീഴടക്കി ബ്രസീൽ. കൂറ്റൻ വിജയത്തോടെ ബ്രസീൽ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. കസെമിറോ, റോബര്‍ട്ടോ ഫിര്‍മിനോ, എവര്‍ട്ടണ്‍ സോറസ്, ഡാനി ആല്‍വസ്, വില്ലിയന്‍ എന്നിവരാണ് ബ്രസീലിന്റെ സ്‌കോറര്‍മാര്‍.

കഴിഞ്ഞ മത്സരത്തിൽ വെനിസ്വലെയ്ക്കെതിരെ സമനില വഴങ്ങേണ്ടി വന്ന ബ്രസീൽ ആ ക്ഷീണം തീർക്കാനുറച്ചു തന്നെയാണ് കളത്തിലിറങ്ങിയത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച കാനറികൾ 12ആം മിനിട്ടിൽ തന്നെ വല കുലുക്കി. മാർക്ക്വിഞ്ഞ്യോസ് എടുത്ത കോർണറിൽ നിന്നും കാസമിറോയാണ് സ്കോർ ചെയ്തത്. 19ആം മിനിട്ടിൽ പെറു ഗോളിയുടെ പിഴവ് മുതലെടുത്ത റോബർട്ടോ ഫിർമിനോ ഒരു നോ ലുക്ക് ഗോളിലൂടെ ബ്രസീലിൻ്റെ ലീഡ് മൂന്നാക്കി ഉയർത്തി. 32ആം മിനിട്ടിൽ പെനൽട്ടി ബോക്സിൻ്റെ ഇടതുമൂലയിൽ കുട്ടീഞ്ഞോയിൽ നിന്നും പന്ത് സ്വീകരിച്ച എവർട്ടൺ സാൻ്റോസ് നേടിയ ഒരു ഗംഭീര ഗോളോടെ ബ്രസീൽ ആദ്യ പകുതി അവസാനിപ്പിച്ചു. സ്കോർ 3-0.

ആദ്യ പകുതിയിലെ ഗോളടി കൊണ്ടും നിർത്താതിരുന്ന ബ്രസീൽ രണ്ടാം പകുതിയിലും ആക്രമണം തുടർന്നു. 53ആം മിനിട്ടിലായിരുന്നു നാലാം ഗോൾ പിറന്നത്. മനോഹരമായ ഒരു ബിൽഡപ്പിനൊടുവിൽ റോബർട്ടോ ഫിർമിനോ നൽകിയ ത്രൂ ബോൾ വലയിലേക്കടിച്ചു കയറ്റുക എന്ന ധർമ്മം ക്യാപ്റ്റൻ ഡാനി ആൽവസ് അനായാസം നിറവേറ്റി. 90ആം മിനിട്ടിൽ പകരക്കാരനായിറങ്ങിയ വില്ല്യൻ ആണ് ബ്രസീലിൻ്റെ അഞ്ചാം ഗോൾ നേടിയത്. ബോക്സിനു പുറത്ത് നിന്നുള്ള ഒരു കരുത്തുറ്റ ഷോട്ടുകളിലൂടെയാണ് വില്ല്യൻ വല കുലുക്കിയത്. രണ്ടാം പകുതിയുടെ ഇഞ്ചുറി സമയത്ത് ലഭിച്ച കോർണർ ഗബ്രിയേൽ ജീസസ് പാഴാക്കിയെങ്കിലും ബ്രസീൽ കൂറ്റൻ ജയം കുറിച്ചു.

കഴിഞ്ഞ വർഷം ക്വാർട്ടറിൽ തന്നെ പുറത്തായ ബ്രസീൽ ഈ വർഷം രണ്ട് ജയവും ഒരു സമനിലയുമടക്കം ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ക്വാർട്ടറിൽ പ്രവേശിക്കുന്നത്. അതേ സമയം, തുടർച്ചയായ രണ്ടാം മഞ്ഞക്കാർഡ് കണ്ട കാസെമിറോയ്ക്ക് ക്വാർട്ടർ ഫൈനൽ നഷ്ടമാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here