വർദ്ധിച്ചു വരുന്ന ബലാത്സംഗക്കേസുകൾ തടയാൻ പശുക്കളെ ആരാധിച്ച് പ്രാർത്ഥന; വിദ്യാഭ്യാസ രീതിക്കും വിമർശനം

കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുകള്‍ രാജ്യത്ത് ഇനി സംഭവിക്കാതിരിക്കാന്‍ പശുക്കളെ ആരാധിച്ച് പൂജാരിമാര്‍. ഹൈദരാബാദിലെ ചില്‍ക്കൂര്‍ ബാലാജി ക്ഷേത്രത്തിലാണ് ഈ പ്രാര്‍ത്ഥനാ ചടങ്ങ് സംഘടിപ്പിച്ചത്.

പരിക്രമ എന്ന പേരില്‍ മൂന്ന് പശുക്കളെയാണ് ക്ഷേത്രത്തില്‍ ആരാധിച്ചത്. പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാന്‍ പശുക്കളെ ആരാധിക്കുന്നത് പഴയ ഒരു രീതിയാണ്. അതുകൊണ്ടാണ് കുട്ടികള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ വീണ്ടും പശുക്കളെ ആരാധിക്കാന്‍ തീരുമാനിച്ചതെന്ന് പൂജാരി രംഗ രാജന്‍ പറഞ്ഞു.

നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെയും ക്ഷേത്രത്തിലെ പൂജാരിമാര്‍ വിമര്‍ശിച്ചു. പാശ്ചാത്യ വിദ്യാഭ്യാസ രീതികള്‍ അവലംബിച്ചു തുടങ്ങിയതിന് ശേഷമാണ് കുട്ടികള്‍ക്ക് നേരെയുളള പീഡനക്കേസുകള്‍ വര്‍ധിച്ചത്. ടിവിയിലും സോഷ്യല്‍മീഡിയയിലും ഇതുസംബന്ധിച്ചുളള വാര്‍ത്തകളാണെന്നും പൂജാരിമാര്‍ പറയുന്നു.

കുട്ടികള്‍ രാജ്യത്ത് ഒട്ടും സുരക്ഷിതരല്ല. പഴയ സാഹിത്യകൃതികളില്‍ എവിടെയും കുട്ടികള്‍ക്ക് നേരെയുളള അതിക്രമങ്ങളെ കുറിച്ച് രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങളെ സംബന്ധിച്ച വാര്‍ത്തകളാണ് എല്ലായ്‌പോഴും കേള്‍ക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് ഇത് തടയേണ്ടത് സമൂഹനന്മയ്ക്ക് ആവശ്യമാണ്. അതിനാലാണ് ഈ ചടങ്ങ് സംഘടിപ്പിച്ചതെന്ന് പൂജാരിമാര്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top