പിടിമുറുക്കി പാക്കിസ്ഥാൻ; ദക്ഷിണാഫ്രിക്കയ്ക്ക് 4 വിക്കറ്റുകൾ നഷ്ടം

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച. 4 വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്. 63 റൺസെടുത്ത ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് മാത്രമാണ് പ്രോട്ടീസ് നിരയിൽ മികച്ച ബാറ്റിംഗ് കാഴ്ച വെച്ചത്. പാക്കിസ്ഥാനു വേണ്ടി ഷദബ് ഖാനും മുഹമ്മദ് ആമിറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
പാക്കിസ്ഥാൻ ഉയർത്തിയ 309 റൺസ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് രണ്ടാം ഓവറിൽ തന്നെ ആമിർ ആദ്യ പ്രഹരമേല്പിച്ചു. എറിഞ്ഞ ആദ്യ പന്തിൽ തന്നെ ഹാഷിം അംലയെ (2) വിക്കറ്റിനു മുന്നിൽ കുരുക്കിയ ആമിർ മത്സരത്തിലെ തൻ്റെ അദ്യ വിക്കറ്റ് കുറിച്ചു. തുടർന്ന് ക്രീസിലെത്തിയ ഫാഫ് ഡുപ്ലെസിസ് ഡികോക്കുമായി ചേർന്ന് ശ്രദ്ധാപൂർവം ഇന്നിംഗ്സ് മുന്നോട്ടു നയിച്ചു. മോശം പന്തുകൾ എറിയാതിരിക്കാൻ ശ്രദ്ധിച്ച പാക്ക് ബൗളർമാർ ദക്ഷിണാഫ്രിക്കയെ സമ്മർദ്ദത്തിലാക്കി.
87 റൺസ് നീണ്ട ഡുപ്ലെസിസ്-ഡികോക്ക് കൂട്ടുകെട്ട് 20ആം ഓവറിലാണ് വേർപിരിഞ്ഞത്. 47 റൺസെടുത്ത ഡികോക്കിനെ ഇമാമുൽ ഹഖിൻ്റെ കൈകളിലെത്തിച്ച ഷദബ് ഖാൻ മത്സരത്തിൽ തൻ്റെ ആദ്യ വിക്കറ്റ് കണ്ടെത്തി. എയ്ഡൻ മാർക്രം (7) ഷദബ് ഖാനു മുന്നിൽ ക്ലീൻ ബൗൾഡായി വേഗം മടങ്ങി.
പിന്നീട് മൂന്നാം വിക്കറ്റിൽ വാൻ ഡർ ഡസ്സൻ ഡു പ്ലെസിസുമായിച്ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ തുടങ്ങി. 66 പന്തുകളിൽ അർദ്ധസെഞ്ചുറി കുറിച്ച ഡുപ്ലെസിസ് 30ആം ഓവറിൽ വീണതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. തന്നെ തിരിച്ചു വിളിച്ച ക്യാപ്റ്റൻ സർഫറാസിൻ്റെ തീരുമാനം ശരി വെച്ച് ആമിർ ഡുപ്ലെസിസിനെ സർഫറാസിൻ്റെ തന്നെ കൈകളിലെത്തിച്ചു.
37 ഓവർ അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയിരിക്കുന്നത്. 21 റൺസെടുത്ത ഡേവിഡ് മില്ലറും 26 റൺസെടുത്ത വാൻ ഡർ ഡസ്സനുമാണ് ക്രീസിൽ. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 32 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here