സൗദിയിൽ വിദേശികൾക്ക് സ്ഥിര താമസം അനുവദിക്കുന്ന പ്രീമിയം റസിഡൻസ് പെർമിറ്റിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി

സൗദി അറേബ്യയിൽ വിദേശികൾക്ക് സ്ഥിര താമസം അനുവദിക്കുന്ന പ്രീമിയം റസിഡൻസ് പെർമിറ്റിന് അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ടു ചെയ്തു. സ്പാർക് പ്ലാറ്റ്‌ഫോം വഴി ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
ആഭ്യന്തരമന്ത്രാലയം ആരംഭിച്ച saprc.gov.sa വെബ് സൈറ്റ് വഴിയാണ് വിദേശികൾ പ്രീമിയം റസിഡൻസ് പെർമിറ്റിന് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈനിൽ വേഗം പൂർത്തിയാക്കാൻ കഴിയുന്ന മൂന്ന് ഘട്ടങ്ങളാണുളളത്. പ്രീമിയം ഇഖാമ നേടുന്നവർക്ക് സ്വദേശി പൗരൻമാർക്കുള്ള പ്രധാന ആനുകൂല്യങ്ങൾ ലഭിക്കും എന്നതാണ് പ്രത്യേകത.
അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനക്കു ശേഷം ഇ മെയിൽ വഴി അറിയിപ്പ് ലഭിക്കും. സ്ഥിര താമസത്തിന് എട്ട് ലക്ഷം റിയാലും ഓരോ വർഷം പുതുക്കുന്നതിന് ഒരു ലക്ഷം റിയാലുമാണ് ഫീസ് അടക്കേണ്ടത്. പണം അടച്ചതിന് ശേഷം 30 ദിവസത്തിനകം പ്രീമിയം ഇഖാമ ലഭിക്കും.
പ്രീമിയം ഇഖാമ നേടുന്നവർക്ക് സ്‌പോൺസർമാരുടെ ആവശ്യം ഇല്ല എന്നതാണ് വിദേശികളെ ആകർഷിക്കുന്നത്. സംരംഭം തുടങ്ങുന്നതിനും ജോലി ചെയ്യുന്നതിനും ഇവർക്ക് അവകാശം ഉണ്ട്. കുടുംബാംഗങ്ങൾക്ക് വിസ നേടുന്നതിനും ഗാർഹിക തൊഴിലാളികളെ റിക്രൂട് ചെയ്യുന്നതിനും പ്രീമിയം ഇഖാമ ഉടമകൾക്ക് അനുമതി ഉണ്ട്.
വിഷൻ 2030ന്റെ ഭാഗമായി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച പദ്ധതികളിൽ ഒന്നാണ് പ്രീമിയം ഇഖാമ. ഇതുവഴി വൻ നിക്ഷേപ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here