മസ്തിഷ്കജ്വരം; മുസഫർപൂരിൽ ജോലിയിൽ വീഴ്ച വരുത്തിയ ഡോക്ടറെ സസ്പെൻഡ് ചെയ്തു

മസ്തിഷ്കജ്വരം പടർന്നുപിടിച്ച മുസഫർപൂരിൽ ജോലിയിൽ വീഴ്ച വരുത്തിയതിന് ഡോക്ടറെ സസ്പെൻഡ് ചെയ്തു. ശ്രീകൃഷ്ണ മെഡിക്കൽ കോളേജിലെ മുതിർന്ന ഡോക്ടർ ഭീംസെൻ കുമാറിനെയാണ് ജോലിയിൽ നിന്ന് മാറ്റിനിർത്തിയത്. അതേസമയം, മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 129 ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ നൂറ്റിയൊൻപതും കേജ്രിവാൾ ആശുപത്രിയിൽ ഇരുപത് കുട്ടികളുമാണ് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. മുപ്പത്തിയൊൻപത് കുട്ടികളെ ഇന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് സൂപ്രണ്ട് സുനിൽകുമാർ ഷാഹി വ്യക്തമാക്കി.
അതിനിടെ കുട്ടികൾ മരണപ്പെട്ട ആശുപത്രികളുടെ കോമ്പൗണ്ടിനുള്ളിൽ നിന്നും അസ്ഥിക്കൂടങ്ങളും മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തിയത് വിവാദമായി. ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തും മുസാഫിർപൂരിലെ എസ്കെഎം സിഎച്ച് ആശുപത്രി പരിസരത്തുമാണ് എല്ലുകളും അസ്ഥികൂടങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. അസ്ഥികൂടങ്ങളും മൃതദേഹത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയ ആശുപത്രി കോമ്പൗണ്ടിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. മസ്തിഷ്ക മരണം സംഭവിച്ച് കുട്ടികൾ മരണപ്പെട്ട സാഹചര്യത്തിൽ ആശുപത്രിക്കെതിരെ വലിയ വിമർശനം ഉയർന്നതിന് പിന്നാലെയാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here