ഇതുവരെ വളരെ ശരിയാണ്; പാക്കിസ്ഥാൻ 1992 ആവർത്തിക്കുമോ?

1992 ലോകകപ്പ് ജേതാക്കൾ പാക്കിസ്ഥാനായിരുന്നു. ദയനീയമായി തുടങ്ങിയ ക്യാമ്പയിൻ്റെ രണ്ടാം പകുതിയിൽ പൂർവ്വാധികം ശക്തിയോടെ തിരികെ വന്ന പാക്കിസ്ഥാൻ തുടർച്ചയായ മത്സരങ്ങളിൽ വിജയിച്ചാണ് അക്കൊല്ലം കപ്പടിച്ചത്. കൃത്യം അതു തന്നെയാണ് ഇപ്പോഴത്തെയും സ്ഥിതി. ഇതുവരെ അങ്ങനെയാണ് പാക്കിസ്ഥാൻ്റെ യാത്ര.
1992ഉം 2019ഉം തമ്മിലുള്ള ആദ്യത്തെ ബന്ധം റൗണ്ട് റോബിൻ മാതൃകയിലുള്ള ഗ്രൂപ്പ് പോരാട്ടങ്ങളാണ്. 1992നു ശേഷം റൗണ്ട് റോബിൻ പോരാട്ടങ്ങൾ ഈ ടൂർണമെൻ്റിലാണ് ഐസിസി പരീക്ഷിക്കുന്നത്. 92ലെ ആദ്യത്തെ അഞ്ചു മത്സരങ്ങളിൽ പാക്കിസ്ഥാൻ ജയിച്ചത് വെറും ഒരു മത്സരമായിരുന്നു. ഒന്ന് മഴ കൊണ്ടു പോയി. ബാക്കി മൂന്നിലും തോൽവി. പിന്നീട് നടന്ന മൂന്ന് മത്സരങ്ങളും വിജയിച്ചാണ് പാക്കിസ്ഥാൻ സെമി കളിച്ചത്.
ഇനി ഈ വർഷം പരിശോധിച്ചാൽ ആദ്യത്തെ അഞ്ചു മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രം. ഒന്ന് മഴ മുടക്കി. ബാക്കി നാലിലും തോൽവി. രണ്ട് തവണയും ആദ്യ മത്സരം വെസ്റ്റ് ഇൻഡീസിനെതിരെ ആയിരുന്നു. രണ്ടും തോറ്റു. ഇന്ത്യക്കെതിരെയും ഇടക്കൊരു മത്സരമുണ്ടായിരുന്നു. അതും തോറ്റു.
92ൽ ഗ്രൂപ്പ് മത്സരങ്ങളിൽ അവസാനത്തെ മൂന്ന് മത്സരവും പാക്കിസ്ഥാൻ ജയിച്ചിരുന്നു. ഇക്കൊല്ലം ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ആറാമത്തെ മത്സരം പാക്കിസ്ഥാൻ ജയിച്ചു കഴിഞ്ഞു. ഇനിയുള്ളത് നാല് മത്സരങ്ങൾ. 92ൽ എട്ട് ഗ്രൂപ്പ് മത്സരങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ ഇക്കൊല്ലം ഒൻപത് മത്സരങ്ങളുണ്ടെന്നതു മാത്രമാണ് വ്യത്യാസം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here