കൊച്ചിയിൽ യാത്രക്കാരെ മർദ്ദിച്ച സംഭവം; കല്ലട ബസിനെതിരെ നടപടി വൈകും; ആർടിഎ യോഗം തീരുമാനമാകാതെ പിരിഞ്ഞു

കൊച്ചിയിൽ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ കല്ലട ബസിനെതിരെ നടപടി വൈകും. തൃശ്ശൂർ കളക്ട്രേറ്റിൽ ചേർന്ന ആർടിഎ യോഗം തീരുമാനമാകാതെ പിരിഞ്ഞു. നിയമവശങ്ങൾ പരിശോധിച്ച ശേഷം നടപടി എടുക്കുമെന്ന് ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ വ്യക്തമാക്കി. അതേസമയം കല്ലടയുൾപ്പെടെ നിയമലംഘനം നടത്തുന്ന സ്വകാര്യബസുകൾക്കെതിരെ നടപടി തുടരുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും പ്രതികരിച്ചു
കൊച്ചിയിൽ കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിലെ ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാനാണ് ആർ ടി എ യോഗം ചേർന്നത്. തൃശ്ശൂർ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന റോഡ് ട്രാഫിക് അഥോറിറ്റി യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. കല്ലട ബസ് ഉടമ സുരേഷ് കല്ലടയോട് യോഗത്തിൽ ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും അഭിഭാഷകനെത്തിയാണ് വിശദീകരണം നൽകിയത്. തുടർന്ന് നിയമ വശങ്ങൾ പരിശോധിക്കാൻ തീരുമാനിച്ച് യോഗം പിരിയുകയായിരുന്നു.
കൊച്ചിയിൽ നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്നും കുറ്റക്കാരായ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും കല്ലടക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു. ഏപ്രിൽ 21 ന് തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന കെഎൽ 45 എച്ച് 6513 എന്ന ബസിൽ വെച്ചാണ് യാത്രക്കാരന് മർദ്ദനമേറ്റത്. സംഭവത്തിൽ കല്ലട ബസിന്റെ പെർമിറ്റ് സസ്‌പെൻഡ് ചെയ്യണമെന്നു കാണിച്ച് എറണാകുളം ആർടിഒ ഇരിങ്ങാലക്കുട ജോയിന്റ് ആർടിഒയ്ക്കു കത്തു നൽകിയിരുന്നു. എന്നാൽ ജോയിന്റ് ആർടിഒ തീരുമാനം ആർടിഎ ബോർഡിനു വിടുകയായിരുന്നു. ഇതേ തുടർന്നാണ് എല്ലാ മാസവും ചേരേണ്ട ആർ ടി എ യോഗം നാളുകൾക്ക് ശേഷം ചേർന്നത്. തുടരെയുണ്ടാകുന്ന പരാതി കണക്കിലെടുത്ത് കല്ലടയുൾപ്പെടെ നിയമലംഘനം നടത്തുന്ന സ്വകാര്യബസുകൾക്കെതിരെ നടപടി തുടരുമെന്ന് ഗതാഗത മന്ത്രിയും പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here