കർഷക വായ്പകൾക്കുളള മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടാൻ ആർബിഐയോട് ശുപാർശ ചെയ്യാൻ ബാങ്കേഴ്‌സ് സമിതി യോഗത്തിൽ തീരുമാനം

കർഷക വായ്പകൾക്കുളള മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടാൻ റിസർവ് ബാങ്കിനോട് ശുപാർശ ചെയ്യാൻ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗം തീരുമാനിച്ചു. സർഫാസി നിയമത്തിലെ പ്രശ്‌നങ്ങൾ പഠിക്കാൻ ഉപസമിതിയെ നിശ്ചയിക്കാനും യോഗത്തിൽ ധാരണയായി. കാർഷിക വായ്പകളിന്മേൽ ജപ്തി നടപടികൾ അനുവദിക്കില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിന്നതോടെയാണ് ബാങ്കുകൾ വിട്ടുവീഴ്ചക്ക് തയ്യാറായത്.
കിടപ്പാടം ഇല്ലാതാക്കുന്ന, സർഫാസി നിയമത്തിലെ വ്യവസ്ഥകൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയും കാർഷിക വായ്പകൾക്ക് മൊറട്ടോറിയം നടപ്പാക്കുന്നതിൽ സാങ്കേതികത്വം പറഞ്ഞ് ബാങ്കുകൾക്ക് മാറി നിൽക്കാനാവില്ലെന്ന് കൃഷിമന്ത്രിയും യോഗത്തിൽ നിലപാട് സ്വീകരിച്ചതോടെയാണ് കർഷകർക്ക് ആശ്വാസകരമായ തീരുമാനങ്ങളിലേക്ക് ബാങ്കുകൾ കടന്നത്. ഡിസംബർ 31 വരെ മൊറട്ടോറിയം നീട്ടുന്നതിൽ എതിർപ്പില്ലെന്ന് വ്യക്തമാക്കിയ ബാങ്കുകൾ തീരുമാനം ആർബിഐയെ അറിയിക്കുമെന്നും വിശദീകരിച്ചു. വായ്പ പുനഃക്രമീകരിക്കുന്നതിനുളള സമയം നീട്ടണമെന്ന ശുപാർശയും ബാങ്കേഴ്‌സ് സമിതി റിസർവ് ബാങ്കിനെ അറിയിക്കും. സർഫാസി നിയമത്തിലെയും കൃഷിഭൂമി നിർവചനത്തിലെയും പ്രശ്‌നങ്ങൾ പഠിക്കുന്നതിന് ഉപസമിതി രൂപീകരിക്കാനും ഇന്ന് ചേർന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തിൽ ധാരണയായി. ആർബിഐ പ്രതിനിധികൾ, ബാങ്ക്, സർക്കാർ, നബാർഡ് പ്രതിനിധികളും ഉൾപ്പെടുന്നതാകും സമിതി.
ജപ്തി നടപടികൾക്കെതിരെ കടുത്ത നിലപാടാണ് യോഗത്തിൽ സർക്കാർ കൈക്കൊണ്ടത്. അർഹതപ്പെട്ട പല വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ വായ്പ ലഭിക്കുന്നില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമുണ്ടാകുമെന്ന് യോഗത്തിൽ ബാങ്കുകൾ ഉറപ്പു നൽകി. മൊറട്ടോറിയം സംബന്ധിച്ച ബോധവത്കരണത്തിനാണ് പത്രപ്പരസ്യം നൽകിയതെന്ന് യോഗത്തിൽ വിശദീകരിച്ച ബാങ്കേഴ്‌സ് സമിതി, സംസ്ഥാനത്തുണ്ടാകുന്ന ആത്മഹത്യകളെ ബാങ്കുകളുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നും നിലപാട് സ്വീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here