കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും സ്മാർട്ട് ഫോൺ ഉൾപ്പെടെ പിടിച്ചെടുത്തു. ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി നടത്തിയ പരിശോധനയിൽ 10 ഫോണുകളാണ് പിടിച്ചെടുത്തത്. രാഷ്ട്രീയ തടവുകാർ കൂടുതലുള്ള സെല്ലുകളിൽ നിന്നാണ് കൂടുതൽ ഫോണുകൾ ലഭിച്ചത്
ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി നടത്തിയ പരിശോധനയിൽ അഞ്ചു സ്മാർട്ട് ഫോൺ ഉൾപ്പെടെ 10 ഫോണുകളാണ് പിടിച്ചെടുത്തത്. ഇതോടെ നാല് ദിവസം കൊണ്ട് പിടിച്ചെടുത്ത ഫോണുകളുടെ എണ്ണം 17 ആയി. നാല് പവർ ബാങ്കുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. രാഷ്ട്രീയ തടവുകാർ കൂടുതലുള്ള ആറാം ബ്ലോക്കിൽനിന്നാണ് നാല് സ്മാർട്ട് ഫോണും മൂന്നു പവർ ബാങ്കും ലഭിച്ചത്. സെല്ലിന്റെ വരാന്തയിലെ ഉത്തരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണുകൾ. സൂപ്രണ്ട് ടി. ബാബുരാജന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ശനിയാഴ്ച ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന ആരംഭിച്ചത്. അന്ന് ഫോണിനും സിം കാർഡിനും പുറമെ ചുറ്റിക, കത്രിക, കമ്പിപ്പാര തുടങ്ങിയ ആയുധങ്ങളും കഞ്ചാവും പിടിച്ചെടുത്തിരുന്നു. പിറ്റേന്നു നടത്തിയ പരിശോധനയിലും കഞ്ചാവും ഫോണും പിടിച്ചെടുത്തു. ഈ സെല്ലുകളിൽ ഉണ്ടായിരുന്ന പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. ഡിജിപി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ കണ്ണൂർ ജയിലിലേക്ക് ടി വി കടത്താൻ സഹായിച്ച ജയിൽ ഉദ്യോഗസ്ഥരെ ഋഷിരാജ് സിംഗ് സസ്‌പെൻഡ് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here