ജയിലുകളിൽ മൊബൈൽ ജാമറുകൾ; സുരക്ഷയ്ക്ക് ഗേറ്റുകളിൽ സ്‌കോർപിയോൺ സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി

ജയിലുകളിലെ മൊബൈൽ ഫോൺ ഉപയോഗം തടയുന്നതിനായി മൊബൈൽ ജാമറുകൾ സ്ഥാപിക്കുമെന്നും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ജയിൽ ഗേറ്റുകളിൽ ഇന്ത്യൻ ബറ്റാലിയനിലെ സ്‌കോർപിയോൺ സേനാ വിഭാഗത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ജയിലുകളുടെ അന്തരീക്ഷത്തിന് ചേരാത്ത നടപടികൾ നടക്കുന്നതായി കണ്ടെത്തിയതു കൊണ്ടാണ് പരിശോധനകൾ കർശനമാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയിലുകൾ സുഖവാസ കേന്ദ്രങ്ങളായി മാറുന്നുവെന്ന കെ.സി ജോസഫിന്റെ നിയമസഭയിലെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
Read Also; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും പരിശോധന; മൊബൈല്‍ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു
ജയിലിൽ കിടന്ന് പ്രതികൾ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുകയാണെന്നും മൊബൈൽ ഫോണും ലഹരി വസ്തുക്കളുമെല്ലാം ലഭിക്കുന്ന സെൻട്രൽ ജയിൽ കാശ്മീരിലെ തീവ്രവാദി കേന്ദ്രമാണോയെന്നും കെ.സി ജോസഫ് സഭയിൽ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ടി.പി വധക്കേസ് പ്രതികളിൽ നിന്നടക്കം സ്മാർട് ഫോണുകളും സിം കാർഡുകളും പിടിച്ചെടുത്തിരുന്നു. ഇതിന് പുറമേ കഞ്ചാവും പുകയിലയും അടക്കമുള്ള ലഹരിവസ്തുക്കളും ജയിലിൽ നിന്ന് പിടികൂടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here