മുഹമ്മദ് നബി; അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിന്റെ വഴികാട്ടി

അഫ്ഗാനിസ്ഥാൻ്റെ മുഹമ്മദ് നബിയെപ്പറ്റി ക്രിക്കറ്റ് ആരാധകർക്ക് പറഞ്ഞു മനസ്സിലാക്കേണ്ട ആവശ്യമില്ല. അഫ്ഗാൻ ക്രിക്കറ്റിൻ്റെ യാത്രയിൽ നിർണായക പങ്കു വഹിച്ചയാളാണ് അദ്ദേഹം. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിൻ്റെ ജനനം മുതൽ ഏകദിന സ്റ്റാറ്റസും ടെസ്റ്റ് സ്റ്റാറ്റസും ലഭിക്കുന്നതു വരെയുള്ള അഫ്ഗാൻ ക്രിക്കറ്റിൻ്റെ വളർച്ചയിൽ മുഹമ്മദ് നബിയുടെ വിയർപ്പുണ്ട്.
സോവിയറ്റ്-അഫ്ഗാൻ യുദ്ധമാണ് നബിയുടെ ജീവിതം മാറ്റിമറിച്ചത്. യുദ്ധം കൊടുമ്പിരിക്കൊണ്ടപ്പോൾ നാടുവിട്ട കുടുംബങ്ങൾക്കൊപ്പം കുഞ്ഞു നബിയും കുടുംബവുമുണ്ടായിരുന്നു. അവർ പാക്കിസ്ഥാനിലേക്കു പോയി. ക്രിക്കറ്റ് ശ്വസിക്കുന്ന പാക്കിസ്ഥാനിലെ തെരുവുകളിൽ നിന്നാണ് നബി കളി പഠിച്ചത്. പെഷവാറിലെ പേരറിയാത്ത ഏതോ ഒരു അഭയാർത്ഥി ക്യാമ്പിൽ 10ആം വയസ്സു മുതൽ അവൻ പന്ത് കയ്യിലെടുത്തു. വർഷങ്ങൾ നീണ്ട പാക്കിസ്ഥാൻ ജീവിതത്തിനു ശേഷം 2000ൽ തിരികെ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങുമ്പോൾ ക്രിക്കറ്റ് എന്ന മോഹം അവനിൽ വേരുറച്ചു കഴിഞ്ഞിരുന്നു.
അവിടെ വെച്ച് തന്നെപ്പോലെ ക്രിക്കറ്റ് മോഹം പേറി നടക്കുന്ന മറ്റ് രണ്ട് കൂട്ടുകാരെക്കൂടി അവൻ പരിചയപ്പെട്ടു. മുഹമ്മദ് ഷഹ്സാദ്, അസ്ഗർ അഫ്ഗാൻ എന്ന ആ രണ്ട് കൂട്ടുകാരോടൊപ്പം ചേർന്ന് അവൻ ഒരു കൂട്ടുകെട്ടിനു തുടക്കമിട്ടു. അതായിരുന്നു അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിൻ്റെ ഭ്രൂണം. അവർ സ്വയം പരിശീലിച്ചു, സ്വയം തിരുത്തി. യുദ്ധം തകർത്തെറിഞ്ഞ ബാല്യം അവരുടെ ആഗ്രഹങ്ങൾക്ക് വലിയ ശക്തി പകർന്നു. മെല്ലെ മറ്റു ചിലർ കൂടി ക്രിക്കറ്റ് എന്ന ആഗ്രഹം നെഞ്ചേറ്റി ഇവർക്കൊപ്പം ചേർന്നു. ഒന്നും നടക്കാൻ പോകുന്നില്ലെന്ന് നിരുത്സാഹപ്പെടുത്തിയ വീട്ടുകാരെയും മാട്ടുകാരെയും അവഗണിച്ച് അവർ വലിയ സ്വപ്നങ്ങൾ കണ്ടു തുടങ്ങി.
മുഹമ്മദ് നബിയും അസ്ഗർ അഫ്ഗാനും സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ നിന്നാണ് വന്നതെങ്കിലും ഷഹ്സാദ് അടക്കമുള്ള മറ്റുള്ളവർ ദാരിദ്ര്യത്തോടും മല്ലടിച്ചിരുന്നു. പക്ഷേ, അതൊക്കെ സഹിച്ച് അവർ ക്രിക്കറ്റിനെ സ്നേഹിച്ചു. മെല്ലെയെങ്കിലും അഫ്ഗാനിഥാൻ ടീം ക്രിക്കറ്റ് ലോകത്ത് വരവറിയിക്കുകയായിരുന്നു.
2006ൽ എംസിസിക്കെതിരെ മുംബൈയിൽ വെച്ച് നടന്ന അഫ്ഗാനിഥാൻ്റെ കളിയാണ് അവരുടെ തലവര മാറ്റിയത്. 116 റൺസുമായി ആ കളി ടോപ്പ് സ്കോററായ നബിയെ മുൻ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ മൈക്ക് ഗാറ്റിംഗ് ശ്രദ്ധിച്ചു. യുവ ക്രിക്കറ്റർമാരെ കണ്ടത്താൻ എംസിസി ഇംഗ്ലണ്ടിൽ നടത്തിയ പരിപാടിയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ശ്രദ്ധേയമായ രീതിയിൽ നബി വളർന്നു, ഒപ്പം അഫ്ഗാനിസ്ഥാൻ ക്രിക്കറ്റും.
ലോവർ ഡിവിഷനുകൾ തുടർച്ചയായി വിജയിച്ച് അവർ ക്രിക്കറ്റ് ലോകത്ത് വിളംബരം നടത്തുകയായിരുന്നു. റാഷിദ് ഖാനെയും മുജീബ് റഹ്മാനെയും റഹ്മത് ഷായെയും പോലെ മികച്ച കളിക്കാരെ അവർ ഉത്പാദിപ്പിക്കാൻ തുടങ്ങി. ലോകത്ത് നടക്കുന്ന ടി-20 ടൂർണമെൻ്റുകളിൽ പലതിലും അവർ കളിച്ചു. ഇന്ന് അഫ്ഗാനിസ്ഥാൻ പുതുമുഖങ്ങളല്ല. ഒരുപിടി മാച്ച് വിന്നർമാരുള്ള മികച്ച ടീമാണ്. സമീപ ഭാവിയിൽ തന്നെ ഏതെങ്കിലും മേജർ ടൂർണമെൻ്റുകൾ അവർ ജയിക്കുമെന്നതും നിശ്ചയമാണ്. അതിനൊക്കെ അവർ കടപ്പെട്ടിരിക്കുന്നത് മുഹമ്മദ് നബി അടക്കമുള്ള മൂന്ന് പേരോടാണ്. അവരാണ് അഫ്ഗാനിസ്ഥാനെ സ്വപ്നം കാണാൻ പഠിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here