ഇത്തവണത്തെ ഹജ്ജിന് മിനായിൽ ബഹുനില ടെന്റുകൾ നിർമ്മിക്കാൻ പദ്ധതി

ഇത്തവണത്തെ ഹജ്ജിന് മിനായിൽ ബഹുനില ടെന്റുകൾ നിർമ്മിക്കാൻ പദ്ധതി. തീർത്ഥാടകരുടെ താമസവുമായി ബന്ധപ്പെട്ട പരിമിതികൾ ഒരു പരിധിവരെ ഇതുമൂലം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.അറബ് രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കായാണ് ഇത്തവണ മിനായിൽ ബഹുനില തമ്പുകൾ നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ട്. ആദ്യമായാണ് മിനായിൽ ബഹുനില തമ്പുകൾ നിർമിക്കുന്നത്. ഹജ്ജിനെത്തുന്ന എല്ലാ തീർത്ഥാടകരെയും ഒരേസമയം ഉൾക്കൊള്ളാനുള്ള ശേഷി മിനായ്ക്കില്ല.
അതുകൊണ്ട് മിനായ്ക്ക് പുറത്ത് മുസ്ദലിഫയിലും അസീസിയയിലും മറ്റുമാണ് പല തീർത്ഥാടകരും ഹജ്ജ് വേളയിൽ താമസിക്കുന്നത്. ഈ വർഷം തന്നെ തമ്പുകളുടെ നിർമ്മാണം ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ അറബ് പത്രം റിപ്പോർട്ട് ചെയ്തു. ആദ്യഘട്ടത്തിൽ രണ്ട് നിലകളുള്ള തമ്പുകൾ നിർമ്മിക്കാനാണ് പദ്ധതി. തീർത്ഥാടകർക്ക് താമസിക്കാനും, സാധനങ്ങൾ സൂക്ഷിക്കാനും സൗകര്യമുള്ള ഈ തമ്പുകളിൽ മതിയായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കും. ഹജ്ജ് മന്ത്രാലയത്തിന്റെയും മക്ക ഡവലപ്പ്മെൻറ് അതോറിറ്റിയുടെയും മക്ക റോയൽ കമ്മീഷന്റെയും അംഗീകാരം പദ്ധതിക്ക് നേരത്തെ ലഭിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here