സർവ്വം മായ തന്നെ! അല്ലേ അളിയാ!….”അതേ അളിയാ”സർവ്വം മായ’ സെക്കൻഡ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു

മലയാളികളുടെ പ്രിയപ്പെട്ട നിവിൻ പോളി – അജു വർഗ്ഗീസ് കോംമ്പോ വെള്ളിത്തിരയിൽ 15 വർഷം പൂർത്തിയാക്കുന്നു. ഈ വേളയിൽ ഇരുവരും ഒന്നിക്കുന്ന പത്താമത്തെ ചിത്രമായ ‘സർവ്വം മായ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തിയിരിക്കുകയാണ്. ഫാന്റസി കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം പ്രേക്ഷകർക്ക് മുമ്പ് കാണാത്തൊരു വേഷപ്പകർച്ചയിലാണ് ഈ താരജോഡിയെ അവതരിപ്പിക്കുന്നത്.
[ ‘Sarvam Maya’ New Movie]
സെക്കന്റ് ലുക്ക് പോസ്റ്ററിൽ ചിരിയോടെ കൂടെ നിൽക്കുന്ന നിവിൻ പോളിയെയും അജു വർഗ്ഗീസിനെയും കാണാം. ഇത് ചിത്രത്തിന്റെ കോമിക് സ്വഭാവത്തിന് ഊന്നൽ നൽകുന്നു. കൂടാതെ ഒരു ഗ്രാമീണ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നതെന്ന സൂചനയും പോസ്റ്റർ നൽകുന്നുണ്ട്. “സർവ്വം മായ തന്നെ! അല്ലേ അളിയാ!” എന്ന അടിക്കുറിപ്പോടെ നിവിൻ പോളി പോസ്റ്റർ പങ്കുവെച്ചപ്പോൾ, “അതേ അളിയാ” എന്ന് അജു വർഗ്ഗീസ് കമന്റ് ചെയ്തത് ആരാധകർ ഏറ്റെടുത്തു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു.
വിനീത് ശ്രീനിവാസന്റെ ‘മലർവാടി ആർട്സ് ക്ലബ്ബ്’ എന്ന ചിത്രത്തിലൂടെയാണ് നിവിൻ പോളിയും അജു വർഗ്ഗീസും മലയാള സിനിമയിലേക്ക് എത്തുന്നത്. ‘മലർവാടി ആർട്സ് ക്ലബ്ബി’ലെ പ്രകാശനും കുട്ടുവുമായി തുടങ്ങിയ ഇവരുടെ സൗഹൃദം കഴിഞ്ഞ 15 വർഷമായി മലയാള സിനിമയുടെ ഒരു പ്രധാന ഭാഗമാണ്. ഈ കാലയളവിനിടെ പത്ത് ചിത്രങ്ങളിലാണ് ഈ കൂട്ടുകെട്ട് ഒന്നിച്ചത്.
Read Also: ‘പണി 2’ അല്ല, ഇനി ‘ഡീലക്സ്’; പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് ജോജു ജോര്‍ജ്
‘മലർവാടി ആർട്സ് ക്ലബ്ബ്’ മുതൽ ‘സാറ്റർഡേ നൈറ്റ്’ വരെയുള്ള ഇവരുടെ ഒട്ടുമിക്ക ചിത്രങ്ങളും പ്രേക്ഷകർക്ക് ചിരിയും കുടുംബ പ്രേക്ഷകർക്ക് മികച്ച വിനോദവും നൽകി. ‘തട്ടത്തിൻ മറയത്തി’ലെ വിനോദും അബുവും, ‘ഓം ശാന്തി ഓശാന’യിലെ പ്രസാദ് വർക്കിയും ഡേവിഡ് കാഞ്ഞാണിയും, ‘ഒരു വടക്കൻ സെൽഫി’യിലെ ഉമേഷും ഷാജിയും,’ലവ് ആക്ഷൻ ഡ്രാമ’യിലെ ദിനേശനും വസിഷ്ട്ടും എന്നിങ്ങനെ ഈ കഥാപാത്രങ്ങളെല്ലാം പ്രേക്ഷക മനസ്സിൽ തങ്ങിനിൽക്കുന്നവയാണ്. ഇവരുടെ അഭിനയമികവും സ്ക്രീനിലെ കെമിസ്ട്രിയുമാണ് ഏത് പ്രായത്തിലുള്ളവരെയും ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ‘സർവ്വം മായ’യ്ക്കുണ്ട്.
സത്യൻ അന്തിക്കാടിന്റെ മകനും ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനുമായ അഖിൽ സത്യനാണ് ‘സർവ്വം മായ’യുടെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. നിവിൻ പോളിയും അജു വർഗ്ഗീസും അഖിൽ സത്യനോടൊപ്പം ആദ്യമായി ഒന്നിക്കുന്നു എന്നതും ഈ ചിത്രത്തിന് പ്രാധാന്യം നൽകുന്നു. ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലീം, പ്രീതി മുകുന്ദൻ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.
ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാറും രാജീവ് മേനോനും ചേർന്നാണ് ‘സർവ്വം മായ’ നിർമ്മിക്കുന്നത്. ശരൺ വേലായുധൻ ഛായാഗ്രഹണവും അഖിൽ സത്യൻ എഡിറ്റിംഗും ജസ്റ്റിൻ പ്രഭാകരൻ സംഗീതവും നിർവഹിക്കുന്നു.
Story Highlights : ‘Sarvam Maya’ second look poster out, Nivin Pauly, Aju Varghese celebrate 15 years of cinema and friendship
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here