കിവികളെ കൈ പിടിച്ചുയർത്തി ഓൾറൗണ്ടർമാർ; പാക്കിസ്ഥാന് 238 റൺസ് വിജയലക്ഷ്യം

ന്യൂസിലൻഡിനെതിരായ ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാന് 238 റൺസ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 237 റൺസാണ് കിവീസ് നേടിയത്. ആറാം വിക്കറ്റിലെ കോളിൻ ഡി ഗ്രാൻഡ്‌ഹോം-ജിമ്മി നീഷം കൂട്ടുകെട്ടാണ് ന്യൂസിലൻഡിനെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റിയത്. 97 റൺസെടുത്ത് പുറത്താവാതെ നിന്ന നീഷമാണ് ന്യൂസിലൻഡിൻ്റെ ടോപ്പ് സ്കോറർ. 3 വിക്കറ്റിട്ട ഷഹീൻ അഫ്രീദിയാണ് കിവീസ് ടോപ്പ് ഓർഡറിനെ തകർത്തെറിഞ്ഞത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡിൻ്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആമിർ എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യം പന്തിൽ ഗപ്റ്റിൽ (5) പ്ലെയ്ഡ് ഓണായി. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ കോളിൻ മൺറോയുമായി ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും ഷഹീൻ അഫ്രീദിക്ക് മറ്റു ചില പദ്ധതികളുണ്ടായിരുന്നു.
ഏഴാം ഓവറിലാണ് ഷഹീൻ ആദ്യ വിക്കറ്റിട്ടത്. 12 റൺസെടുത്ത മൺറോയെ ഷഹീൻ ഹാരിസ് സൊഹൈലിൻ്റെ കൈകളിലെത്തിച്ചു. തുടർന്ന് റോസ് ടെയ്ലർ ടീമിലെത്തി. ന്യൂസിലൻഡീൻ്റെ ഏറ്റവും സീനിയർ താരങ്ങളിൽ ഒരാളായ ടെയ്ലറും പേസ് ബൗളിംഗിൻ്റെ ഉജ്ജ്വല പ്രദർശനം കാഴ്ച വെച്ച അഫ്രീദിക്കു മുന്നിൽ മുട്ടുമടക്കി. സർഫറാസിനു ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോൾ 3 റൺസ് മാത്രമായിരുന്നു ടെയ്ലറുടെ സമ്പാദ്യം. തൊട്ടുപിന്നാലെ ടോം ലതമിനെയും (1) സർഫറാസിൻ്റെ കൈകളിലെത്തിച്ച ഷഹീൻ വിക്കറ്റ് വേട്ട മൂന്നാക്കി ഉയർത്തി.
ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും പിടിച്ചു നിന്ന വില്ല്യംസണിലായിരുന്നു ന്യൂസിലൻഡ് പ്രതീക്ഷകൾ. അഞ്ചാം വിക്കറ്റിൽ ജിമ്മി നീഷവുമായി ചേർന്ന് വില്ല്യംസൺ സാവധാനം ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ തുടങ്ങി. 46/4 എന്ന നിലയിൽ ഒത്തു ചേർന്ന ഇരുവരും അഞ്ചാം വിക്കറ്റിൽ 37 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 27ആം ഓവറിൽ ഒരു മികച്ച ലെഗ് ബ്രേക്കിലൂടെ ഷദബ് ഖാൻ വില്ല്യംസണെ മടക്കി അയച്ചതോടെ ന്യൂസിലൻഡ് അപകടം മണത്തു. 41 റൺസെടുത്ത വില്ല്യംസണെയും സർഫറാസ് പിടികൂടുകയായിരുന്നു.
തുടർന്ന് ആറാം വിക്കറ്റിൽ ഒത്തു ചേർന്ന നീഷം-ഗ്രാൻഡ്‌ഹോം കൂട്ടുകെട്ട് ന്യൂസിലൻഡിനെ സാവധാനം കൈപിടിച്ചുയർത്തി. മികച്ച പന്തുകളെ ബഹുമാനിച്ച ഇരുവരും വളരെ ക്ഷമാപൂർവ്വം ഇന്നിംഗ്സ് കെട്ടിപ്പടുത്തു. 77 പന്തുകളിൽ നീഷവും 63 പന്തുകളിൽ ഗ്രാൻഡ്‌ഹോമും അർദ്ധശതകങ്ങൾ കുറിച്ചു. 83/5 എന്ന നിലയിൽ ക്രീസിലൊത്തു ചേർന്ന ഇരുവരും കിവീസിനെ 215/6 എന്ന നിലയിലെത്തിച്ചിട്ടാണ് വേർപിരിയുന്നത്. 48ആം ഓവറിൽ ഒരു റണ്ണൗട്ടിലൂടെ പുറത്താവുമ്പോൾ 64 റൺസായിരുന്നു ഗ്രാൻഡ്‌ഹോമിൻ്റെ സമ്പാദ്യം. നീഷവുമായി ആറാം വിക്കറ്റിൽ വിലപ്പെട്ട 132 റൺസും ഗ്രാൻഡ്ഹോം കൂട്ടിച്ചേർത്തിരുന്നു.
വഹാബ് റിയാസ് എറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത് സിക്സറടിച്ചാണ് നീഷം ന്യൂസിലൻഡ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. 97 റൺസെടുത്ത നീഷവും 5 റൺസെടുത്ത മിച്ചൽ സാൻ്റ്നറും പുറത്താവാതെ നിന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here