പ്രതിപക്ഷം ഭീരുക്കളെന്ന് മുഖ്യമന്ത്രി നിയമസഭയിൽ; മുഖ്യമന്ത്രിയുടേത് പുത്തരിക്കണ്ടത്തെ പ്രസംഗമെന്ന് പ്രതിപക്ഷം

നിയമസഭയിൽ പി.ടി തോമസ് എംഎൽഎക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. അന്ധമായ സോഷ്യലിസ്റ്റ് വിരോധമാണ് പി.ടി തോമസിനുള്ളതെന്നും ശത്രുതാ മനോഭാവമാണ് പി.ടി തോമസിൽ കണ്ടെതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ധനാഭ്യർത്ഥന ചർച്ചയിലെ പി.ടി തോമസിന്റെ പ്രസംഗത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷം വിമർശിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഉള്ള കാര്യം പറയണം. പ്രതിപക്ഷം ഭീരുക്കളാണെന്നും കേൾക്കാനുള്ള ആർജ്ജവം പോലും ഇല്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
ഇതിന് മറുപടിയുമായി പ്രതിപക്ഷം വീണ്ടും രംഗത്തെത്തി. പുത്തരിക്കണ്ടം മൈതാനത്ത് നടത്തുന്ന രാഷ്ട്രീയ പ്രസംഗമാണ് മുഖ്യമന്ത്രിയുടേതെന്ന് പ്രതിപക്ഷം ആരോപിച്ചു. വിമർശനം കൊണ്ടതിന്റെ തെളിവാണ് മുഖ്യമന്ത്രിയുടെ രോഷപ്രകടനമെന്നും കമ്മ്യൂണിസത്തെക്കുറിച്ച് പറയരുതെന്ന തിട്ടൂരം അംഗീകരിക്കാനാകില്ലെന്നും പി.ടി തോമസ് പറഞ്ഞു. നിയമസഭയിൽ രാഷ്ട്രീയം പറയരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് അത്ഭുതകരമാണെന്നും സഭാ ചരിത്രത്തിൽ ആദ്യമായാണ് മുഖ്യമന്ത്രി വെല്ലുവിളിക്കുന്നതെന്നും എം.കെ മുനീർ അഭിപ്രായപ്പെട്ടു. തുടർന്ന് മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here