വിൻഡീസിനെതിരെ ഇന്ത്യ പൊരുതുന്നു; നാലു വിക്കറ്റുകൾ നഷ്ടം

വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ പൊരുതുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നാലു വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്. മൂന്നു വിക്കറ്റെടുത്ത കെമാർ റോച്ച് ആണ് ഇന്ത്യയെ തകർത്തത്. അർദ്ധസെഞ്ചുറി നേടി പുറത്താവാതെ നിൽക്കുന്ന ക്യാപ്റ്റൻ വിരാട് കോലിയിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ഓപ്പണർമാർ സാവധാനത്തിലാണ് തുടങ്ങിയത്. വിൻഡീസ് പേസർമാർ കണിശതയോടെ പന്തെറിഞ്ഞപ്പോൾ സ്കോറിംഗ് മെല്ലെയായി. 29 റൺസുകൾ മാത്രമാണ് ഓപ്പണർമാർക്ക് കൂട്ടിച്ചേർക്കാനായത്. ആറാം ഓവറിൽ തേർഡ് അമ്പയറുടെ വിവാദ തീരുമാനത്തിൽ കുടുങ്ങി രോഹിത് ശർമ്മ പുറത്തായി. 18 റൺസെടുത്ത രോഹിതിനെ കെമാർ റോച്ച് വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിൻ്റെ കൈകളിലെത്തിച്ചു.
രണ്ടാം വിക്കറ്റിൽ ലോകേഷ് രാഹുലിനൊപ്പം ചേർന്ന വിരാട് കോലി അനായാസം റൺസ് കണ്ടെത്തി. സാവധാനത്തിൽ രാഹുലും ബൗണ്ടറികൾ നേടാൻ തുടങ്ങിയതോടെ ഇന്ത്യൻ ഇന്നിംഗ്സ് വേഗത കൈവരിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 69 റൺസാണ് കൂട്ടിച്ചേർത്തത്. 21ആം ഓവറിൽ വീണ്ടും അടുത്ത വിക്കറ്റ്. അർദ്ധസെഞ്ചുറിക്ക് 2 റൺസ് അകലെ വെച്ച് രാഹുലിനെ വിൻഡീസ് ക്യാപ്റ്റൻ ജേസൻ ഹോൾഡർ ക്ലീൻ ബൗൾഡാക്കി.
പിന്നാലെ 27ആം ഓവറിൽ 14 റൺസെടുത്ത വിജയ് ശങ്കറിനെ ഷായ് ഹോപ്പിൻ്റെ കൈകളിലെത്തിച്ച റോച്ച് ഇന്ത്യയുടെ നാലാം നമ്പറിനെച്ചൊല്ലിയുള്ള ചർച്ചകൾക്ക് വീണ്ടും എരിവു പകർന്നു. ഇതിനിടെ 55 പന്തുകളിൽ കോലി ലോകകപ്പിലെ തുടർച്ചയായ നാലാം അർദ്ധസെഞ്ചുറി കുറിച്ചു. 29ആം ഓവറിൽ വീണ്ടും റോച്ച്. കേദാർ ജാദവിനെതിരെ കോട്ട് ബിഹൈൻഡ് അപ്പീൽ ഓൺഫീൽഡ് അമ്പയർ തള്ളി. വീണ്ടും റിവ്യൂ. റോച്ചിന് മൂന്നാം വിക്കറ്റ്. ഏഴ് റൺസെടുത്താണ് ജാദവ് പുറത്തായത്.
നിലവിൽ 30 ഓവർ അവസാനിക്കുമ്പോൾ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് എന്ന നിലയിലാണ്. 53 റൺസെടുത്ത കോലിയും 5 റൺസെടുത്ത ധോണിയുമാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here