കോപ്പയിലെ പാര; പരാഗ്വെയെ പേടിച്ച് കാനറികൾ

കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആതിഥേയരായ ബ്രസീൽ നാളെ ഇറങ്ങുകയാണ്. പരാഗ്വേ ആണ് ബ്രസീലിൻ്റെ എതിരാളികൾ. പരാഗ്വെയുമായുള്ള കോപ്പ മത്സരങ്ങൾ ബ്രസീലിന് അത്ര സുഖമുള്ളതായിരുന്നില്ല. കോപ്പയിലെ പാരയാണ് ബ്രസീലിന് പരാഗ്വേ.
കഴിഞ്ഞ മൂന്നു കോപ്പ അമേരിക്കകളിൽ രണ്ട് വട്ടമാണ് ബ്രസീൽ-പരാഗ്വേ പോരാട്ടം നടന്നത്. രണ്ടും ക്വാർട്ടർ ഫൈനൽ. 2011ൽ അർജൻ്റീന ആതിഥേയരായ കോപ്പ അമേരിക്കയുടെ ക്വാർട്ടറിൽ വെച്ച് ബ്രസീലുമായി പരാഗ്വേ ഗോൾരഹിത സമനില പിടിച്ചു. ഷൂട്ടൗട്ടിൽ 2-0 എന്ന സ്കോറിന് പരാഗ്വെ സെമിയിൽ.
ചിലിയിൽ വെച്ച് 2015ൽ നടന്ന കോപ്പ. വീണ്ടും ക്വാർട്ടർ ഫൈനലിൽ തന്നെ ബ്രസീൽ പരാഗ്വെയുമായി ഏറ്റുമുട്ടുന്നു. 14ആം മിനിട്ടിൽ റൊബീഞ്ഞോ ബ്രസീലിനായി ഗോൾ നേടുന്നു. പക്ഷേ, 71ആം മിനിട്ടിൽ ഗോൺസാലസിലൂടെ ഗോൾ നേടി പരാഗ്വേ സമനില പിടിക്കുന്നു. വീണ്ടും ഷൂട്ടൗട്ട്. 4-3 എന്ന സ്കോറിന് വീണ്ടും പരാഗ്വേ. 2016ൽ രണ്ട് ടീമുകളും ഗ്രൂപ്പ് ഘട്ടം താണ്ടാതിരുന്നതു കൊണ്ട് അവിടെ ഒന്നും നടന്നില്ല.
വീണ്ടും ഒരു കോപ്പ. ക്വാർട്ടർ. ബ്രസീലിന് എതിരാളികളായി പരാഗ്വേ. ചരിത്രം ആവർത്തിക്കുമോ?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here