ഓടും പ്രോട്ടീസ് ചാടും പ്രോട്ടീസ് കപ്പ് കണ്ടാൽ?; ലോകകപ്പിൽ ആകെ പിഴച്ച് ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയും ഐസിസി ടൂർണമെൻ്റുകളും തമ്മിൽ അത്ര രസത്തിലല്ല. എത്ര മികച്ച ടീമുമായി വന്നാൽ പോലും ഐസിസി ടൂർണമെൻ്റുകളിൽ അവർ കളി മറക്കും. ആകെ കിട്ടിയിട്ടുള്ളത് ഒരു ചാമ്പ്യൻസ് ട്രോഫി മാത്രമാണ്. അതും 1998ലായിരുന്നു. അക്കൊല്ലം തന്നെ കോമൺവെൽത്ത് ഗെയിംസിലും പ്രോട്ടീസ് കപ്പടിച്ചിരുന്നു. അതിനു മുൻപോ ശേഷമോ ഒരു നോക്കൗട്ട് കിരീടം അവർക്ക് അന്യമാണ്.
ലോകകപ്പിനുള്ള മുന്നൊരുക്കങ്ങൾ വളരെ കൃത്യമായിരുന്നു. കഗീസോ റബാഡയും ലുങ്കി എങ്കിഡിയും ഇമ്രാൻ താഹിറും ചേർന്ന വേൾഡ് ക്ലാസ് ബൗളിംഗ് ലൈനപ്പ്. ക്വിൻ്റൺ ഡികോക്ക്, ഫാഫ് ഡുപ്ലെസിസ്, എയ്ഡൻ മാർക്രം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ശക്തമായ ബാറ്റിംഗ് നിര. ഒപ്പം ഒരുപിടി മികച്ച ഓൾറൗണ്ടർമാരും. കടലാസിൽ കരുത്തർ. അവസാന നാലിൽ ഉറപ്പ്.
ടൂർണമെൻ്റ് തുടങ്ങിയപ്പോൾ ഒക്കെ തകിടം മറിഞ്ഞു. ദക്ഷിണാഫ്രിക്ക കളി മറന്നു. ആദ്യ 7 മത്സരങ്ങളിൽ അഞ്ചും തോറ്റ് സെമി കാണാതെ പുറത്തായി. സത്യത്തിൽ എന്തായിരുന്നു ദക്ഷിണാഫ്രിക്കയുടെ കുഴപ്പം? പ്രത്യക്ഷത്തിൽ ഒന്നുമില്ല. പക്ഷേ, കുറച്ച് ആഴത്തിൽ പരിശോധിച്ചാൽ ആകെ പ്രശ്നമാണെന്ന് മനസ്സിലാവും.
ലോകകപ്പിനു മുൻപ്, നവംബർ മുതൽ ദക്ഷിണാഫ്രിക്ക കളിച്ചത് 13 മാച്ചുകളിലായിരുന്നു. 10 കളി വിജയിക്കുകയും 3 കളി പരാജയപ്പെടുകയും ചെയ്തു. ആദ്യ 7 സ്ഥാനങ്ങളിലെ ബാറ്റ്സ്മാന്മാർക്ക് 49.67 ശരാശരിയും 89.13 സ്ട്രൈക്ക് റേറ്റും ഉണ്ടായിരുന്നു. അഞ്ച് സെഞ്ചുറിയും 16 അർദ്ധസെഞ്ചുറിയും ദക്ഷിണാഫ്രിക്ക ഇത്രയും മത്സരങ്ങളിൽ സ്കോർ ചെയ്തു. ലോകകപ്പിൽ ആകെ കളിച്ചത് 7 മത്സരങ്ങൾ. അതിൽ ഒരു ജയവും 5 തോൽവിയും ഇനിയുള്ള കണക്കുകളാണ് ഞെട്ടിക്കുന്നത്. നേരത്തെ 49.67 ഉണ്ടായിരുന്ന ശരാശരി അപകടകരമാം വിധം താഴ്ന്ന് 32.55ലെത്തി. 8913 സ്ട്രൈക്ക് റേറ്റ് 79.83 ആയും താഴ്ന്നു. ലോകകപ്പിൽ ഇതുവരെ ഒരൊറ്റ സെഞ്ചുറി പോലും ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാന്മാർ സ്കോർ ചെയ്തിട്ടില്ല. ആകെയുള്ളത് 7 അർദ്ധശതകങ്ങൾ.
ഇനി ബൗളർമാരുടെ പ്രകടനമെടുക്കാം. മേല്പറഞ്ഞ അതേ കാലയളവിൽ, ലോകകപ്പിനു മുൻപ് കളിച്ച 13 മാച്ചുകളിൽ പേസർമാരുടെ ശരാശരി 26.5. 4.91 എക്കണോമി. ആദ്യ പത്ത് ഓവറിൽ 27.8 ശരാശരിയും 4.49 എക്കണോമിയും. ഇക്കാലയളവിൽ റബാഡ 24.9 എന്ന മോഹിപ്പിക്കുന്ന ശരാശരിയിൽ നേടിയത് 20 വിക്കറ്റുകൾ. ഐപിഎല്ലിലെ അസാമാന്യ പ്രകടനമൊന്നും ഈ കണക്കുകളിൽ ഇല്ല.
ലോകകപ്പിലേക്ക് വരികയാണെങ്കിൽ പേസർമാരുടെ ആകെ ശരാശരി 36.36ലേക്ക് താഴ്ന്നു. എക്കണോമി 5.47 ആയി ഉയർന്നു. ആദ്യ പത്ത് ഓവറിൽ 60.6 എന്ന വളരെ ദയനീയമായ ശരാശരിയും 5.05 എന്ന എക്കണോമിയും. റബാഡയുടെ പ്രകടനം അതിലും മോശമാണ്. 50.83 ശരാശരിയിൽ വെറും ആറ് വിക്കറ്റുകൾ.
ആകെ മൊത്തത്തിൽ പ്രശ്നമാണ്. ഇനിയുള്ള കളികളെങ്കിലും ജയിച്ച് നില മെച്ചപ്പെടുത്തുകയായിരിക്കും ഇനി അവരുടെ ലക്ഷ്യം. എന്നാലും ഐസിസി ടൂർണമെൻ്റുകൾ വരുമ്പോൾ അവർ കളി മറക്കുന്നത് എന്തുകൊണ്ടാവും? സമീപഭാവിയിൽ തന്നെ ‘ചുരുളഴിയാത്ത രഹസ്യങ്ങൾ’ എന്ന പേരിൽ ഒരു ആർട്ടിക്കിൾ വരാൻ സാധ്യതയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here