മലയാള സര്‍വകലാശാലയുടെ സ്ഥലമേറ്റെടുപ്പ്; മന്ത്രി കെടി ജലീലിന്റെ ഭാഗത്തു നിന്നും ഗുരുതരമായ ക്രമക്കേടുണ്ടായെന്ന് രമേശ് ചെന്നിത്തല

മലയാള സര്‍വകലാശാലയുടെ സ്ഥലമേറ്റെടുപ്പില്‍ മന്ത്രി കെടി ജലീലിന്റെ ഭാഗത്തു നിന്നും ഗുരുതരമായ ക്രമക്കേടുണ്ടായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും രമേസ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്ഥലം കണ്ടെത്തിയതും വിലനിര്‍ണയിച്ചതും യുഡിഎഫ് സര്‍ക്കാരാണെന്ന് കെടി ജലീല്‍ നിയമസഭയില്‍ പറഞ്ഞു. മന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പിരിയുന്നതിനു തൊട്ടുമുന്‍പ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

മലയാള സര്‍വകലാശാല വിവാദത്തില്‍ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാവിലെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. പിന്നീട് ധനാഭ്യര്‍ഥന ചര്‍ച്ചക്കിടെ സി മമ്മൂട്ടി സ്പീക്കര്‍ക്ക് എഴുതി നല്‍കി അഴിമതി ആരോപണമായി ഉന്നയിക്കുകയായിരുന്നു. ഭൂമിയിടപാടില്‍ ഭരണകക്ഷി എംഎല്‍എയുടെ സഹോദരന് പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സഭാസമിതി സ്ഥലം സന്ദര്‍ശിക്കണം.

ഒരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ലെന്നായിരുന്നു കെടി. ജലീലിന്റെ മറുപടി. യുഡിഎഫിന്റെ കാലത്ത് നിശ്ചയിച്ചതിനേക്കാള്‍ വില കുറച്ചാണ് വാങ്ങാന്‍ തീരുമാനിച്ചത്. ധനാഭ്യര്‍ഥന ചര്‍ച്ചക്കൊടുവില്‍ വോട്ടെടുപ്പിന്റെ തൊട്ടുമുന്‍പാണ് പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിച്ചത്. ഭൂമിയിടപാടിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയാണെന്നും തുടര്‍ന്നു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രമേശ് ചെന്നിത്തല ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top