കിണറ്റിൽ വീണ കള്ളനെ രക്ഷിക്കാൻ ആംബുലൻസുമായി സുഹൃത്തുക്കൾ; രക്ഷിച്ച് പൊലീസിനു കൈമാറി നാട്ടുകാർ

കിണറ്റില്‍ വീണ മോഷ്ടാവിനെ രക്ഷിക്കാന്‍ ആംബുലന്‍സുമായി സുഹൃത്തുക്കള്‍ എത്തിയത് നാട്ടുകാർ അറിഞ്ഞതോടെ പ്രതി പിടിയിലായി. രാമനാട്ടുകര സ്വദേശി സുജിത്ത് (22) ആണ് അറസ്റ്റിലായത്. കടന്നുകളഞ്ഞ കൂട്ടുപ്രതി ചേലേമ്പ്ര സ്വദേശി ഷാജിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
രാത്രി പമ്പ് സെറ്റ് മോഷ്ടിക്കാനായി കിണറ്റിൽ ഇറങ്ങി പൈപ്പ് മുറിയ്ക്കുന്നതിനിടെയാണ് തേഞ്ഞിപ്പലം കോമരപ്പടിയിലെ പറമ്പിലുള്ള കിണറ്റില്‍ സുജിത്ത് വീണത്. കിണറ്റില്‍ ഇറങ്ങി പൈപ്പ് മുറിച്ച് തിരികെ കയറവേ വീഴുകയായിരുന്നു. കുടുങ്ങി എന്ന് മനസ്സിലാക്കിയ പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സുഹൃത്തുക്കളെ വിളിച്ചു.
ആംബുലന്‍സ് ഏര്‍പ്പാടാക്കിയാണ് 3 സുഹൃത്തുക്കള്‍ എത്തിയത്. സ്ഥലപരിചയമില്ലാതിരുന്ന ആംബുലൻസ് ഡ്രൈവർ നാട്ടുകാരോട് അപകട സ്ഥലം അന്വേഷിച്ചതോടെ ഇവരും രക്ഷാപ്രവര്‍ത്തനത്തില്‍ ചേര്‍ന്നു. അവശനിലയിലായിരുന്ന സുജിത്തിനെ കിണറ്റില്‍നിന്നു പുറത്തെടുത്തപ്പോഴാണ് സംഗതി മോഷണ ശ്രമമാണെന്നു നാട്ടുകാര്‍ക്ക് മനസ്സിലായത്.
സുഹൃത്തിനൊപ്പം മദ്യപിക്കുമ്പോള്‍ വാക്കേറ്റമുണ്ടായെന്നും സുഹൃത്ത് തന്നെ തള്ളി കിണറ്റിലിട്ടെന്നുമായിരുന്നു പ്രതി ആദ്യം വാദിച്ചത്. എന്നാല്‍ ഇതു പൊളിഞ്ഞതോടെ കൂട്ടുപ്രതി ഷാജിയെക്കൂടി പിടിക്കണമെന്നായി ആവശ്യം. 20,000 രൂപ വില മതിക്കുന്ന മോട്ടോര്‍ മോഷ്ടിക്കാനായിരുന്നു ഇരുവരുടെയും നീക്കമെന്ന് പൊലീസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here