സമയക്രമം പാലിക്കാതെ കെഎസ്ആര്‍ടിസി; സര്‍വീസ് നിര്‍ത്താനൊരുങ്ങി സ്വകാര്യ ബസ്സുടമകള്‍

ബസിനു അനുവദിച്ച സമയത്തിനു തൊട്ടുമുന്നില്‍ സമയക്രമം പാലിക്കാതെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ തുടങ്ങിയതോടെ സര്‍വീസ് നിര്‍ത്താന്‍ ഒരുങ്ങുകയാണ് ബസ് ഉടമകള്‍.സ്വകാര്യ ബസ് സര്‍വീസ് നടത്തുന്ന ഒരാളോട് ചില കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്ക് ശത്രുത തോന്നിയാല്‍ എന്താകുമെന്നതിനെ ഉത്തമ ഉദാഹരണമാണ് കോന്നി ജംഗ്ഷനിലെ ഈ കാഴ്ച.
ആവശ്യത്തിനു സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്ന റൂട്ടാണ് കോന്നി-കരിമാന്‍തോട്. ഇവിടേക്കു സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിനു ആര്‍റ്റിഒ അനുവദിച്ചിരിക്കുന്ന സമയം 11.30 ആണ്. എന്നാല്‍ 11.15 ആയതോടെ കരിമന്‍തോടിനു ബോര്‍ഡുവച്ച് ആര്‍.റ്റി.ഒയുടെ പെര്‍മിറ്റോ ടൈം ഷീറ്റോ ഇല്ലാതെ ഒരു കെഎസ്ആര്‍ടിസി കോന്നി ജംഗ്ഷനില്‍ എത്തി. മിനിറ്റുകളോളം കാത്തുകിടന്ന് വിരലില്‍ എണ്ണാവുന്ന യാത്രക്കാരുമായി 11.27നു കെഎസ്ആര്‍ടിസി യാത്ര തുടങ്ങി. പിന്നാലെ ഇതേ റൂട്ടിലേക്ക് എത്തിയ സ്വകാര്യ ബസും കാലി.
ഇതു ഒരു ഒറ്റപ്പെട്ട ദൃശ്യമല്ല. കരിമന്‍തോടു നിന്നു തിരിച്ച് കോന്നിയിലേക്കും ഇതാണ് അവസ്ഥ. ആളില്ലാതെയാണ് മിക്ക കെഎസ്ആര്‍ടിസി സര്‍വീസുകളും. ആഫ്രിക്കയില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളി സ്വദേശത്ത് വ്യവസായ സംരംഭമെന്ന നിലയില്‍ സ്വകാര്യ ബസ് സര്‍വീസ് തുടങ്ങി. എന്നാല്‍ കെഎസ്ആര്‍ടിസിയിലെ ചില ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹത്തോട് തോന്നിയ ശത്രുതയുടെ പേരിലാണ് കെഎസ്ആര്‍ടിസിയുടെ ഈ നഷ്ടത്തിലോടല്‍.
രാവിലേയും ഉച്ചയ്ക്കും വൈകിട്ടുമെല്ലാം ഇതേ രീതിയില്‍ തന്നെയാണ് കെഎസ്ആര്‍ടിസിയുടെ സര്‍വീസ്. ദേശസാല്‍കൃത റൂട്ടുകളൊഴികെ ജില്ലയില്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിക്ക് ആര്‍റ്റിഒയുടെ പെര്‍മിറ്റും ടൈം ഷീറ്റും വേണമെന്നതാണ് ചട്ടമെന്ന് കോടതിവിധിയും വിവരാവകാശരേഖയും വ്യക്തമാക്കുന്നു. എന്നാല്‍ ഇതൊന്നുമില്ലാതെയാണ് കോന്നി ഓപ്പറേറ്റിംഗ് കേന്ദ്രത്തില്‍ നിന്നും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നത്.
രണ്ടു ബസുകള്‍ക്ക് മാത്രമാണ് ദേശസാല്‍കൃത റൂട്ടെന്ന പേരില്‍ കെഎസ്ആര്‍ടിസി മാനേജ്മെന്റ് പെര്‍മിറ്റ് നല്‍കിയിട്ടുള്ളത്. കോടമണ്‍പാറ-പത്തനംതിട്ട-എരുമേലി റൂട്ടിലും കരിമന്‍തോട് -പത്തനംതിട്ട-കോട്ടയം റൂട്ടിലുമാണിത്. എന്നാല്‍ ഈ റൂട്ടുകളിലേക്ക് പോകാതെ ഇതിന്റെ മറവില്‍ ഷട്ടില്‍ സര്‍വീസുകളാണ് നടത്തുന്നത്. കരിമന്‍തോട്-കോന്നി റൂട്ട് എപ്പോഴും യാത്രക്കാരുള്ള റൂട്ടല്ല. എന്നിട്ടും വ്യക്തിവിരോധം തീര്‍ക്കാന്‍ നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിയെ തന്നെ ആയുധമാക്കുകയാണ് ചില ഉദ്യോഗസ്ഥര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here