സുഗതന്റെ വര്‍ക് ഷോപ്പിന് ലൈസന്‍സ് നല്‍കാതിരിക്കാന്‍ ഗൂഡാലോചന നടക്കുന്നതായി മക്കള്‍

പുനലൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്റെ വര്‍ക് ഷോപ്പിന് ലൈസന്‍സ് നല്‍കാതിരിക്കാന്‍ ഗൂഡാലോചന നടക്കുന്നതായി മക്കള്‍. ഭൂവുടമയുടേതായി പഞ്ചായത്തില്‍ വന്ന കത്ത് ഇതിന്റെ ഭാഗമാണ്. ഇനിയും ലൈസന്‍സ് തന്നില്ലെങ്കില്‍ അച്ഛന്റെ വഴി തന്നെ തങ്ങള്‍ക്കും പിന്തുടരേണ്ടി വരുമെന്നും ഇവര്‍ പറയുന്നു.
പുനലൂരില്‍ ആതമഹത്യ ചെയ്ത പ്രവാസി വ്യവസായി സുഗതന്റെ വര്‍ക് ഷോപ്പിന് ലൈസന്‍സ് നല്‍കാത്ത വാര്‍ത്ത ട്വന്റിഫോര്‍ ആണ് പുറത്ത് കൊണ്ടു വന്നത്. വാര്‍ത്ത വിവാദമായതിന് പിന്നാലെ പഞ്ചായത്ത് അടിയന്തര യോഗം ചേരുകയും ലൈസന്‍സ് നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇക്കാര്യം പ്രസിഡന്റ് തന്നെ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഈ തീരുമാനം അട്ടിമറിക്കപ്പെടുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടന്നുവെന്നാണ് സൂചന.
ഇതിന്റെ ഭാഗമായാണ് ഭൂവുടമ തന്നെ ലൈസന്‍സ് നല്‍കരുതെന്ന് കാട്ടി പഞ്ചായത്തിന് കത്ത് നല്‍കിയതും.ഈ കത്ത് മറയാക്കി ലൈസന്‍സ് നല്‍കുന്നത് നീട്ടാനാണ് പഞ്ചായത്തിന്റെ നീക്കം. ഭൂവുടമ ഇപ്പോള്‍ ഇങ്ങനൊയൊരു കത്ത് നല്‍കിയതിന് പിന്നില്‍ ഗൂഡാലോചന സംശയിക്കുന്നതായി സുഗതന്റെ മകന്‍ സുജിത് പറഞ്ഞു. വര്‍ക് ഷോപ്പിന് സ്ഥലം നല്‍കിയ കാരണത്താല്‍ ഭീഷണിയുണ്ടെന്നും ഭൂവുടമ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കത്ത് ലഭിച്ചാല്‍ ലൈസന്‍സ് നല്‍കാമെന്ന് പറഞ്ഞിരുന്ന പഞ്ചായത്ത് പ്രസിഡന്റ് ഇപ്പോള്‍ പറയുന്നത് റവന്യു വകുപ്പില്‍ നിന്നും അനുമതി വരട്ടേയെന്നാണ്. ലാന്റ് ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയാണോയിതെന്നറിയാനായി റവന്യൂ വകുപ്പിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കത്തിന്മേല്‍ നടപടികളൊന്നും ഉണ്ടായില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് പഞ്ചായത്തിന്റെയും റവന്യൂ വകുപ്പിന്റെയും ഒത്തു കളി മനസ്സിലാകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here