ഇന്ത്യയുടെ എവേ ജേഴ്സി കോലി പുറത്തിറക്കി; ഇഷ്ടം നീലക്കുപ്പായത്തോടെന്ന്

ലോകകപ്പിൽ ഞായറാഴ്ച ഇംഗ്ലണ്ടിനെ നേരിടുന്ന ഇന്ത്യൻ ടീമിന് മത്സരത്തിൽ ധരിക്കാനുള്ള എവേ ജേഴ്സി നായകൻ വിരാട് കോഹ്ലി മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. നേരത്തെ, ബിസിസിഐ ജേഴ്സിയുടെ ചിത്രങ്ങൾ പുറത്ത് വിട്ടിരുന്നു.
സുപ്രധാന ടൂർണമെന്റുകളിലെ ഒന്നോ രണ്ടോ മത്സരങ്ങളിൽ ഇത്തരത്തിൽ ടീമംഗങ്ങൾ പുതിയ ഡിസൈനിലുള്ള വസ്ത്രം ധരിക്കുന്നത് നല്ലതാണെന്നും എന്നാൽ, സ്ഥിരമായി നീലക്കുപ്പായം ഉപയോഗിക്കുന്നതാണ് എല്ലാവർക്കും ഇഷ്ടമെന്നും കോഹ്ലി പറഞ്ഞു. നീലക്കുപ്പായം ടീം അംഗങ്ങൾ അഭിമാനമായാണ് കാണുന്നതെന്നും ഇന്ത്യൻ നായകൻ വ്യക്തമാക്കി.
ലോകകപ്പിൽ മത്സരിക്കുന്ന എല്ലാ ടീമുകൾക്കും മേൽ സമ്മർദ്ദമുണ്ടെന്നും ആരും ആരെയും തോൽപ്പിക്കാവുന്ന, ആരും ആരോടും പരാജയപ്പെടാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും കോഹ്ലി പറഞ്ഞു. അവരുടെ നാട്ടിൽ നടക്കുന്ന മത്സരങ്ങൾ ആയതിനാൽ ഇംഗ്ലണ്ട് ടൂർണമെന്റിലുട നീളം ആധിപത്യം തുടരുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ, കാര്യങ്ങൾ മാറിയില്ലേ? അതൊക്കെ ടീമുകൾക്കുള്ള സമ്മർദങ്ങളുടെ ഫലമാണെന്നും കോഹ്ലി കൂട്ടിച്ചേർത്തു.
ആദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം എവേ ജഴ്സിയില്‍ ഇറങ്ങുന്നത്. മുന്‍ഭാഗം കടും നീലയിലും കൈകളും വശങ്ങളും പുറകുവശം പൂര്‍ണമായും ഓറഞ്ച് നിറത്തിലുമാണ്. ആതിഥേയരായ ഇംഗ്ലണ്ട് ആകാശനീലനിറത്തിലുള്ള ജഴ്സി അണിയുന്നതിനാലാണ് ഇന്ത്യക്ക് പരമ്പരാഗത നീലനിറം നാളെത്തെ മത്സരത്തില്‍ മാറ്റേണ്ടിവന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here