വീണ്ടും ഷഹീൻ അഫ്രീദി; പാക്കിസ്ഥാന് 228 റൺസ് വിജയലക്ഷ്യം

അഫ്ഗാനിസ്ഥനെതിരായ ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാന് റൺസ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 227 റൺസാണ് അഫ്ഗാനിസ്ഥാന് നേടാനായത്. നാലു വിക്കറ്റെടുത്ത യുവ പേസർ ഷഹീൻ അഫ്രീദിയാണ് അഫ്ഗാനിസ്ഥാനെ തകർത്തത്. 42 റൺസ് വീതമെടുത്ത അസ്ഗർ അഫ്ഗാനും നജിബുല്ല സദ്രാനുമാണ് അഫ്ഗാനിസ്ഥാനു വേണ്ടി തിളങ്ങിയത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ മികച്ച രീതിയിലാണ് ആരംഭിച്ചത്. ഓപ്പണർമാരായ റഹ്മത് ഷായും ഗുൽബദിൻ നെയ്ബും തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തിയതോടെ പാക്കിസ്ഥാൻ പതറി. ഓപ്പണിംഗ് വിക്കറ്റിൽ 27 റൺസ് കൂട്ടിച്ചേർത്ത ഓപ്പണർമാർ ഷഹീൻ അഫ്രീദി എറിഞ്ഞ അഞ്ചാം ഓവറിലാണ് വേർപിരിയുന്നത്. 15 റൺസെടുത്ത നയ്ബിനെ വിക്കറ്റ് കീപ്പർ സർഫറാസിൻ്റെ കൈകളിലെത്തിച്ച ഷഹീൻ അടുത്ത പന്തിൽ ഹഷ്മതുല്ല ഷാഹിദിയെയും പുറത്താക്കി. ഹഷ്മതുല്ലയെ ഇമാദ് വാസിം പിടികൂടുകയായിരുന്നു.
പിന്നീട് റഹ്മത് ഷായും ഇക്രം അലി ഖില്ലും ചേർന്ന് മൂന്നാം വിക്കറ്റിൽ 30 റൺസ് കൂട്ടിച്ചേർത്തു. വളരെ മികച്ച നിലയിൽ ബാറ്റ് ചെയ്ത റഹ്മത് ഷാ 12ആം ഓവറിലാണ് പുറത്തായത്. ഇമാദ് വാസിമിൻ്റെ പന്തിൽ ബാബർ അസം പിടിച്ച് പുറത്താകുമ്പോൾ 35 റൺസായിരുന്നു ഷായുടെ സമ്പാദ്യം. തുടർന്നായിരുന്നു അസ്ഗർ അഫ്ഗാൻ്റെ കൗണ്ടർ അറ്റാക്ക്. ഒരു വശത്ത് ഇക്രം അലി ഖില്ലിൻ്റെ മെല്ലെപ്പോക്കിനെ മറച്ചു പിടിച്ച അഫ്ഗാൻ സ്കോറിംഗ് ഉത്തരവാദിത്തം ഏറ്റെടുത്തു. ഗ്രൗണ്ടിൻ്റെ നാനാ ഭാഗത്തെക്കും ഷോട്ടുകൾ പായിച്ച അഫ്ഗാൻ നാലാം വിക്കറ്റിൽ ഖില്ലിനൊപ്പം 64 റൺസ് കൂട്ടിച്ചേർത്തു.
ഷദബ് ഖാനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 26ആം ഓവറിൽ ഷദബിനെ ക്രീസ് വിട്ടിറങ്ങി കൂറ്റനടിക്കു ശ്രമിച്ച അഫ്ഗാനെ ഷദബ് ഖാൻ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. പുറത്താകുമ്പോൾ 35 പന്തുകളിൽ നിന്നും 42 റൺസാണ് ഖിൽ നേടിയത്. 27ആം ഓവറിൽ ഇക്രം അലി ഖില്ലും പുറത്തായി. 66 പന്തുകൾ നേരിട്ട് 24 റൺസെടുത്ത ഖിൽ ഇമാദ് വാസിമിനെ ക്രീസ് വിട്ടിറങ്ങി പ്രഹരിക്കാനുള്ള ശ്രമത്തിനിടെ ലോങ്ങ് ഓണിൽ ഹഫീസിൻ്റെ കൈകളിൽ അവസാനിച്ചു.
16 റൺസെടുത്ത മുഹമ്മദ് നബി സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ വഹാബ് റിയാസിന് ആദ്യ വിക്കറ്റ് സമ്മാനിച്ച് ആമിറിൻ്റെ കൈകളിലൊതുങ്ങി. തുടർന്ന് ഷമിയുല്ല ഷെൻവാരിയും നജിബുല്ല സദ്രാനും ക്രീസിൽ ഒത്തു ചേർന്നു. മനോഹരമായി ബാറ്റ് ചെയ്ത സദ്രാൻ ചില മികച്ച ഷോട്ടുകളുതിർത്ത് സ്കോർ ഉയർത്തി. എന്നാൽ 45ആം ഓവറിൽ സദ്രാനെ പുറത്താക്കിയ ഷഹീൻ അഫ്രീദി അഫ്ഗാനിസ്ഥാനെ വീണ്ടും അപകടത്തിലേക്ക് തള്ളിയിട്ടു. 42 റൺസെടുത്ത സദ്രാൻ ക്ലീൻ ബൗൾഡാവുകയായിരുന്നു. 47ആം ഓവറിൽ റാഷിദ് ഖാനെ (8) ഫഖർ സമാൻ്റെ കൈകളിലെത്തിച്ച ഷഹീൻ മത്സരത്തിലെ നാലാം വിക്കറ്റ് വീഴ്ത്തി. 49ആം ഓവറിൽ ഹാമിദ് ഹസനെ (1) ക്ലീൻ ബൗൾഡാക്കിയ വഹാബ് റിയാസ് മത്സരത്തിലെ രണ്ടാം വിക്കറ്റും സ്വന്തമാക്കി.
19 റൺസെടുത്ത ഷമിയുല്ല ഷൻവാരിയും 7 റൺസെടുത്ത മുജീബ് റഹ്മാനും പുറത്താവാതെ നിന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here