ഇംഗ്ലണ്ടിന്റെ മികച്ച ബൗളിംഗ് പ്രകടനം മറികടന്ന് ഇന്ത്യ; മത്സരം ആവേശത്തിലേക്ക്

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ പൊരുതുന്നു. കൃത്യമായി പന്തെറിഞ്ഞ ഇംഗ്ലണ്ട് ബൗളർമാരാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാരെ ക്രീസിൽ തന്നെ കെട്ടിയിട്ടത്. 27 ഓവർ അവസാനിക്കുമ്പോൾ ഇന്ത്യ 1 വിക്കറ്റ് നഷ്ടപ്പെടുത്തി 140 റൺസ് എടുത്തിട്ടുണ്ട്.
338 റൺസ് പിന്തുടരാനിറങ്ങിയ ഇന്ത്യ വളരെ സാവധാനത്തിലാണ് തുടങ്ങിയത്. തുടർച്ചയായി മൂന്ന് മെയ്ഡൻ ഓവറുകളെറിഞ്ഞ ക്രിസ് വോക്സ് ഇതിനിടെ ലോകേഷ് രാഹുലിൻ്റെ (0) വിക്കറ്റും സ്വന്തമാക്കി. തുടർന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാന്മാർ ക്രീസിൽ ഒത്തു ചേർന്നു. കോലി സ്വതസിദ്ധമായ ശൈലിയിൽ കളിച്ചുവെങ്കിലും രോഹിത് ടൈമിംഗ് കണ്ടെത്താനാവാതെ വിഷമിച്ചു.
പ്രവചനാതീതമായ ബൗൺസും സ്ലോ പിച്ചും ഇന്ത്യൻ സ്കോറിംഗിനെ വളരെ ദോഷകരമായി ബാധിച്ചു. മുൻ നിര ബൗളർമാരുടെ ആദ്യ സ്പെൽ കഴിഞ്ഞതിനു ശേഷമാണ് ഇന്ത്യ ശ്വാസം നേരെ വിട്ടത്. രോഹിതും മെല്ലെ സ്കോർ ഉയർത്താൻ തുടങ്ങി. ഇതിനിടെ കോലി 59 പന്തുകളിലും രോഹിത് 65 പന്തുകളിലും അർദ്ധസെഞ്ചുറി കണ്ടെത്തി.
നിലവിൽ 75 റൺസെടുത്ത രോഹിത് ശർമയും 64 റൺസെടുത്ത വിരാട് കോലിയുമാണ് ക്രീസിൽ. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഇതുവരെ 132 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here