അടിച്ചുപൊളിച്ച് ഓപ്പണർമാർ; ഒപ്പം ഭാഗ്യവും: ഇന്ത്യ വിയർക്കുന്നു

ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. ഓപ്പണർമാരുടെ വിസ്ഫോടനാത്മക ബാറ്റിംഗ് ആണ് ഇംഗ്ലണ്ടിനെ മികച്ച നിലയിൽ എത്തിച്ചിരിക്കുന്നത്. ഇരുവരും അർദ്ധസെഞ്ചുറി നേടി. അർദ്ധസെഞ്ചുറി നേടിയ ജേസൻ റോയ് പുറത്തായെങ്കിലും ബാരിസ്റ്റോ സെഞ്ചുറിയിലേക്കുള്ള കുതിപ്പിലാണ്.
ഷമിയും ബുംറയും ചേർന്ന ഇന്ത്യൻ പേസർമാർ നന്നായാണ് പന്തെറിഞ്ഞത്. പക്ഷേ, വിക്കറ്റുകൾ വീണില്ല. എഡ്ജ്ഡ് ഷോട്ടുകൾ ബൗണ്ടറിയിലേക്ക് പായുകയും ഫീൽഡർമാർ ഇല്ലാത്ത ഇടങ്ങളിൽ വീഴുകയും ഡിആർഎസ് കൃത്യമായി ഇന്ത്യ ഉപയോഗിക്കാതിരിക്കുകയും ചെയ്തതോടെ ഭാഗ്യവും ഇംഗ്ലണ്ടിനായി. റോയ് ആദ്യം മുതൽക്കു തന്നെ അടിച്ചു കളിച്ചപ്പോൾ ബാരിസ്റ്റോ മെല്ലെയാണ് തുടങ്ങിയത്. അപ്പോഴാണ് ബാരിസ്റ്റോ ഗിയർ മാറ്റിയത്. ഇതിനിടെ ജേസൻ റോയിയെ പുറത്താക്കാൻ ലഭിച്ച ഒരു അവസരം ഇന്ത്യ കളഞ്ഞു കുളിച്ചു.
പതിനൊന്നാം ഓവറിലെ അഞ്ചാം പന്ത് ലെഗ് സൈഡിലൂടെ ധോണിയുടെ കൈകളിലെത്തി. റോയ് പന്തിൽ എഡ്ജ് ചെയ്തിട്ടുണ്ടെന്ന് കരുതിയ ഇന്ത്യ അപ്പീൽ ചെയ്തു. അമ്പയറുടെ നോട്ടൗട്ട് തീരുമാനം ചലഞ്ച് ചെയ്യാനായി കോലി തീരുമാനിച്ചുവെങ്കിലും ധോണി നിർബന്ധപൂർവ്വം അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. റീപ്ലേകളിൽ ക്ലിയർ എഡ്ജ് കാണിച്ചു. റോയ് 21 റൺസിൽ നിൽക്കെയായിരുന്നു ഈ പിഴവ്. തുടർന്ന് അർദ്ധസെഞ്ചുറി നേടിയ റോയ് ആ പന്തിൽ പുറത്തായിരുന്നെങ്കിൽ ഇന്ത്യക്ക് ഇംഗ്ലണ്ടിനെ പിടിച്ചു നിർത്താൻ സാധിക്കുമായിരുന്നു.
23ആം ഓവറിലാണ് ഇംഗ്ലണ്ടിൻ്റെ ആദ്യ വിക്കറ്റ് വീണത്. കുൽദീപിനെ സ്ട്രൈറ്റ് ബൗണ്ടറിയിലേക്ക് സിക്സർ പായിക്കാൻ ശ്രമിച്ച റോയിയെ ബൗണ്ടറി ലൈനിൽ വെച്ച് ജഡേജ ഉജ്ജ്വലമായി കയ്യിലൊതുക്കി. 57 പന്തിൽ 66 റൺസെടുത്ത റോയ് ഓപ്പണിംഗ് വിക്കറ്റിൽ ബാരിസ്റ്റോയൊപ്പം 160 റൺസ് കൂട്ടിച്ചേർത്താണ് പുറത്തായത്.
23 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് എന്ന നിലയിലാണ്. 90 റൺസുമായി ജോണി ബാരിസ്റ്റോയും 2 റൺസുമായി ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here