നെടുങ്കണ്ടം കസ്റ്റഡി മരണം; സ്റ്റേഷൻ രേഖകൾ തിരുത്തി കേസ് അട്ടിമറിക്കാൻ ശ്രമം നടന്നു

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാൻ പൊലീസ് സ്റ്റേഷൻ രേഖകളിൽ തിരുത്തലുകൾ വരുത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തൽ. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായിരുന്ന മരിച്ച രാജ്കുമാറിന് ജൂൺ 13ന് സ്റ്റേഷൻ ജാമ്യം നൽകിയെന്നാണ് പൊലീസ് രേഖകളിലുള്ളത്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് വനിതാ പൊലീസാണെന്നും സ്റ്റേഷനിൽ നിന്നും കണ്ടെടുത്ത പൊലീസ് രേഖകളിലുണ്ട്.
രാജ്കുമാറിനെ രണ്ട് ജീപ്പ് പൊലീസെത്തിയാണ് പിടികൂടിയതെന്ന് ദൃക്‌സാക്ഷി ആലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പൊലീസ് സ്റ്റേഷൻ രേഖകളിൽ ഇക്കാര്യം മറച്ചു വെച്ചാണ് വനിതാ പൊലീസാണ് കസ്റ്റഡിയിലെടുത്തതെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ രാജ്കുമാർ മരിച്ചതിനെ തുടർന്ന് സംഭവം വിവാദമായതോടെ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതു മുതലുള്ള രേഖകളെല്ലാം നെടുങ്കണ്ടം പൊലീസ് തിരുത്തിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. കൂടുതൽ അന്വേഷണങ്ങൾക്കായി നെടുങ്കണ്ടം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും ഹാർഡ് ഡിസ്‌കും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here