സൗദിയിലെ നിയോം ബേ എയർപോർട്ടിലേക്ക് വിമാനസർവീസ് ആരംഭിച്ചു

സൗദിയിൽ നിർമ്മാണം പുരോഗമിക്കുന്ന സ്വപ്ന പദ്ധതി ‘നിയോം’ സിറ്റിയിലേക്ക് വിമാന സർവീസ് ആരംഭിച്ചു. സൗദി അറേബ്യൻ എയർലൈൻസ് ആണ് റിയാദിൽ നിന്ന് നിയോം ബേ എയർപോർട്ടിലേക്ക് സർവീസ് ആരംഭിച്ചത്. നിയോം ബേ വിമാനത്താവളം ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയായ സാഹചര്യത്തിലാണ് സർവീസ് ആരംഭിച്ചത്.
സൗദി എയർലൈൻസിന്റെ ഏറ്റവും പുതിയ ആഭ്യന്തര സർവീസും ഇതാണ്. രാജ്യത്തെ ഇരുപത്തിയെട്ടാമത്തെ എയർപോർട്ടാണ് നിയോം സിറ്റിയിൽ പ്രവർത്തനം തുടങ്ങിയത്. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള പ്രഥമ സർവീസിന്റെ ഉദ്ഘാടന ചടങ്ങിൽ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽഹാദി അൽമൻസൂരി, സൗദിയ ഡയറക്ടർ ജനറൽ എൻജിനീയർ സ്വാലിഹ് അൽജാസിർ, നിയോം കമ്പനി സി.ഇ.ഒ എൻജിനീയർ നദ്മി അൽനസ്ര് എന്നിവർ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.
നിർമ്മാണം പുരോഗമിക്കുന്ന പദ്ധതി പ്രദേശത്ത് നിയോം കമ്പനിയിൽ പുതുതായി നിയമനം ലഭിച്ച ജീവനക്കാരാണ് പ്രഥമ സർവീസിൽ യാത്ര ചെയ്തവരിലേറെയും. വിഷൻ 2030 പദ്ധതിയുടെ ഭാഗമാണ് നിയോം സിറ്റി. അതുകൊണ്ടുതന്നെ സൗദി എയർലൈൻസ് വിമാനത്തിന് ‘എസ്.വി 2030’ എന്ന നമ്പരാണ് നൽകിയത്. സൗദിയിൽ 5ജി ടെലികോം സേവനം ലഭിക്കുന്ന ആദ്യ വിമാനത്താവളവും ഇതാണ്. സൗദി അറേബ്യ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ അതിർത്തിയിൽ ചെങ്കടൽ തീരത്താണ് നിയോം സിറ്റി നിർമാണം പുരോഗമിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here