മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലേക്കെത്തില്ല

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലേക്കെത്തില്ല. തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്ക് വിജയം ഉറപ്പുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഡിഎംകെയുടെ കൈവശമുള്ള സീറ്റില്‍ ഒന്ന് മന്‍മോഹന്‍ സിംഗിനായി മാറ്റിവക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കോണ്‍ഗ്രസ് മന്‍മോഹന് വേണ്ടി സീറ്റ് ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് ഡിഎംകെ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.
1991മുതല്‍ അസമില്‍ നിന്നുള്ള രാജ്യസഭ എംപിയായിരുന്നു ഡോക്ടര്‍ മന്‍മോഹന്‍ സിങ്. 2013 മെയ് 30നാണു ഏറ്റവും ഒടുവില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
എന്നാല്‍ കോണ്‍ഗ്രസിന് അസമില്‍ നിന്ന് രാജ്യസഭാ എംപിയെ വിജയിപ്പിക്കാനുള്ള എംഎല്‍എമാരില്ലാതായതോടെ ഇത്തവണ അവിടെ നിന്ന് മത്സരിക്കാനുള്ള സാധ്യത ഇല്ലാതായി. കോണ്‍ഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങളില്‍ രാജ്യസഭാ ഒഴിവുകള്‍ ഇല്ലാത്തതിനാല്‍ തമിഴ്‌നാട്ടില്‍ യുപിഎ ഘടക കക്ഷിയായ ഡിഎംകെയുടെ പിന്തുണയോടെ അദ്ദേഹത്തെ രാജ്യസഭയിലെത്താനുള്ള ശ്രമം നടക്കുന്നുവെന്ന സൂചനകളുണ്ടായിരുന്നു.
എന്നാല്‍ ഡിഎംകെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ആ സാധ്യതയും അടഞ്ഞു. മന്‍മോഹന്‍ സിംഗിന് വേണ്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രാജ്യസഭാ സീറ്റ് ചോദിച്ചില്ലെന്നാണ് സൂചന. എംഡിഎം കെ അധ്യക്ഷന്‍ വൈകോ, മുന്‍ അഡീഷണ്‍ അഡ്വക്കേറ്റ് ജനറല്‍ പി വില്‍സണ്‍, ഡിഎംകെ തൊഴിലാളി സംഘടനാ നേതാവ് എം ഷണ്‍മുഖം എന്നിവരാണ് ഡിഎംകെ രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍. എഐഡിഎം കെയുടെ കൈയ്യിലൂണ്ടായിരുന്ന അഞ്ചും ഡിഎംകെ നേതാവ് കനിമൊഴി രാജിവെച്ച സീറ്റും അടക്കം ആറ് രാജ്യസഭാ സീറ്റുകളാണ് തമിഴ്‌നാട്ടില്‍ ഒഴിവ് വന്നത്. ഇത്തവണ രണ്ട് പാര്‍ട്ടികള്‍ക്കും മൂന്ന് വീതം സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാവും. എഐഡിഎം കെയുടെ സീറ്റില്‍ കഴിഞ്ഞ തവണ രാജ്യസഭയിലെത്തിയ സിപിഐ നേതാവ് ഡി രാജക്കും ഇത്തവണ സീറ്റ് ലഭിച്ചില്ല. ജൂലൈ പതിനെട്ടിനാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here