ഇന്ത്യൻ ആരോസ് താരങ്ങൾക്ക് ശമ്പളം ലഭിച്ചില്ലെന്ന രഞ്ജിത് ബജാജിന്റെ ആരോപണം തള്ളി ടീമംഗങ്ങൾ

ഐലീഗ് ക്ലബ് ഇന്ത്യൻ ആരോസ് ക്ലബ് അംഗങ്ങൾക്ക് എഐഎഫ്എഫ് ശമ്പളം നൽകിയില്ലെന്ന വാർത്തകൾ തള്ളി ടീം അംഗങ്ങൾ. ഐലീഗ് ക്ലബ് മിനർവ പഞ്ചാബ് ഉടമ രഞ്ജിത് ബജാജിൻ്റെ ആരോപണത്തിനെതിരെയാണ് ആരോസിലെ നാല് താരങ്ങൾ രംഗത്തു വന്നത്.
രാഹുൽ കെപി, ബോറിസ് താംഗ്‌ജം, പ്രഭ്ശുഖൻ ഗിൽ, ലാലെംഗ്‌മാവിയ എന്നിവരാണ് ഫുട്ബോൾ ഫെഡറേഷനെ പ്രതിരോധിച്ച് രംഗത്തു വന്നത്. എഐഎഫ്എഫ് തങ്ങൾക്ക് പണം നൽകിയിട്ടുണ്ടെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അവർ പ്രതികരിച്ചു. ഐലീഗിൽ കളിക്കാൻ അവസരം നൽകിയതിന് എഐഎഫ്എഫിനു നന്ദി അറിയിച്ച അവർ അഭ്യൂഹങ്ങൾക്ക് ചെവി കൊടുക്കരുതെന്ന് ആരാധകരോട് അഭ്യർത്ഥിച്ചു.
അതേ സമയം, ഈ നാലു താരങ്ങളും ഈ സീസണിൽ വിവിധ ഐഎസ്എൽ ക്ലബുകൾക്ക് വേണ്ടിയാണ് കളിക്കുക. ഗിൽ ബംഗളുരു എഫ്സിയിലെത്തിയപ്പോൾ ബാക്കി മൂന്നു താരങ്ങളെ ബ്ലാസ്റ്റേഴ്സും എടികെയും നോർത്ത് ഈസ്റ്റും സ്വന്തമാക്കി.
നേരത്തെ ഐലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എഫ്സിക്ക് സമ്മാനത്തുക നൽകാതിരുന്ന ഫുട്ബോൾ ഫെഡറേഷൻ്റെ നടപടി വിവാദമായിരുന്നു. കാര്യങ്ങൾ കൈവിട്ടു പോകാൻ തുടങ്ങുന്നതിനിടെ അവർക്ക് സമ്മാനത്തുക നൽകിയ ഫെഡറേഷൻ കാര്യങ്ങൾ ഒതുക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here